ഗ്രാമ്പിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി; നാട്ടുകാർ ഭീതിയിൽ, കൂട് സ്ഥാപിക്കാൻ നടപടി

ഗ്രാമ്പിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി; നാട്ടുകാർ ഭീതിയിൽ, കൂട് സ്ഥാപിക്കാൻ നടപടി

പീരുമേട്: ഗ്രാമ്പിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ ഗ്രാമ്പി പുതുലയത്തിൽ രാജദുരൈയുടെ വീടിന് സമീപമാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.

വീടിന്റെ മേൽക്കൂരയ്ക്ക് മുകളിലൂടെ എന്തോ നടക്കുന്നതിന്റെ ശബ്ദം കേൾക്കുകയും വളർത്തുനായ്ക്കൾ തുടർച്ചയായി കുരയ്ക്കുകയും ചെയ്തതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.

തുടർന്ന് രാവിലെ നടത്തിയ പരിശോധനയിൽ വീടിന്റെ പരിസരത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് എത്തിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

തോട്ടം മേഖലയിൽ കാടുപിടിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങളാണ് വന്യമൃഗങ്ങളുടെ പ്രധാന താവളമായി മാറുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തോട്ടങ്ങളിലെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിക്കാൻ തോട്ടമുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി ഉടൻ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.