മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; തമിഴ്‌നാട് നിലപാടിനെതിരെ മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; തമിഴ്‌നാട് നിലപാടിനെതിരെ മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ നിലപാട് കേരളവിരുദ്ധവും ഫെഡറല്‍ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി ജനറല്‍ ബോഡി യോഗം ആരോപിച്ചു.

കേരളത്തിന്റെ ഭൂമിയില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന തമിഴ്‌നാട് നിലപാട് അപലപനീയമാണെന്നും ഈ നിലപാട് കേരള സര്‍ക്കാര്‍ തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു.

50 വര്‍ഷത്തെ ആയുസ് മാത്രം കണക്കാക്കി നിര്‍മിച്ച അണക്കെട്ട് 130 വര്‍ഷത്തിന് ശേഷവും സുരക്ഷിതമാണെന്ന തമിഴ്‌നാട് വാദം അംഗീകരിക്കാനാകില്ലെന്നും സമിതി വ്യക്തമാക്കി. ദേശീയ-അന്തര്‍ദേശീയ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഗുരുതര ആശങ്കകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഭൂകമ്പസാധ്യതാ മേഖല എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ കൃഷി ആവശ്യങ്ങള്‍ക്കായി കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം തുടരാന്‍ അനുവദിക്കരുതെന്നും പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് തിരുത്താന്‍ അവിടുത്തെ ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്, സി.പി.എം. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

അഡ്വ. റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ടി. ശ്രീകുമാര്‍, പി.ആര്‍.ഒ. ഷിബു കെ. തമ്പി, ഖാലിദ് സഖാഫി, അഡ്വ. സംഗീത വിശ്വനാഥന്‍, സി.എ. ജോയ്, അഡ്വ. ശാന്താറാം തോളൂര്‍, കെ.പി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ അണക്കെട്ട് കേരളത്തിന്റെ രക്ഷ എന്ന ആവശ്യം ഉന്നയിച്ച് എം.എല്‍.എമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിവേദനം നല്‍കാനും ജൂലൈ എട്ടിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്താനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.