ജീവിതം മുഴുവൻ ലാളിത്യത്തിൽ.മരണശേഷം രാജാക്കാടിനെ ഞെട്ടിച്ച് ശശിയുടെ ‘അവസാന സമ്പാദ്യം’
ഇടുക്കി : രാജാക്കാട് ടൗണിലെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്ന ഒരു സാധുമനുഷ്യന്റെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തുകയാണ്. പുതുശ്ശേരി സ്വദേശിയായ 64കാരൻ ശശിയുടെ മരണശേഷമാണ് ആരെയും അമ്പരപ്പിക്കുന്ന ഒരു സത്യം പുറംലോകമറിഞ്ഞത്.
ആരുടെയും ആശ്രയമില്ലാതെ നിശബ്ദ ജീവിതം നയിച്ച ശശി, അവസാന നാളുകളിലും ജീവനുതുല്യം കാത്തുസൂക്ഷിച്ചിരുന്ന ഒരു പഴയ തുണിസഞ്ചിയിലാണ് വലിയൊരു തുക അവശേഷിപ്പിച്ചത്. ഒരു ലക്ഷത്തിലധികം രൂപയാണ് ആ സഞ്ചിയിൽ നിന്ന് കണ്ടെത്തിയത്.
രാജാക്കാട് ടൗണിലെ എല്ലാവർക്കും പരിചിതമായ മുഖമായിരുന്നു ശശിയുടേത്. കഠിനാധ്വാനത്തിലൂടെയും നാട്ടുകാർ നൽകിയ ചെറിയ സഹായങ്ങളിലൂടെയും ലഭിച്ച പണം അദ്ദേഹം ചെലവാക്കാതെ സൂക്ഷിച്ചുവെച്ചിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് രാജാക്കാട് പഞ്ചായത്ത് അധികൃതരാണ് ശശിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
തുടർന്ന് പഞ്ചായത്ത് നേതൃത്വത്തിൽ ഔദ്യോഗികമായി പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മരണാനന്തരം ശശി താമസിച്ചിരുന്ന ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴയ തുണിസഞ്ചിയിൽ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്.
10, 20, 50 രൂപ നോട്ടുകൾ കൃത്യമായി ചുരുട്ടിവെച്ച നിലയിലായിരുന്നു. ജനപ്രതിനിധികളുടെയും പ്രദേശത്തെ കടയുടമയുടെയും സാന്നിധ്യത്തിൽ പണം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ഒരു ലക്ഷത്തി പതിനയ്യായിരത്തിലധികം രൂപയുണ്ടെന്ന് കണ്ടെത്തി.
രാജാക്കാട് പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ശശി. അതിനാൽ കണ്ടെത്തിയ തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
തെരുവിന്റെ തണലിൽ കഴിഞ്ഞ ഒരു സാധാരണ മനുഷ്യന്റെ ജീവിതം, മരണശേഷം പോലും വലിയൊരു സന്ദേശമായി രാജാക്കാട് നാടിന്റെ മനസിൽ അവശേഷിക്കുകയാണ്.



