മൂന്ന് കോടി രൂപയുടെ സ്കൂൾ കെട്ടിടം പാതിവഴിയിൽ; വാഗമൺ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈടെക് സ്വപ്നം ഇനിയും യാഥാർഥ്യമായില്ല
വാഗമൺ: വിദ്യാർത്ഥികളുടെ പഠനസൗകര്യം വർധിപ്പിക്കുന്നതിനായി ആരംഭിച്ച വാഗമൺ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തിയാകാതെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു.
2020ൽ അന്നത്തെ എം.എൽ.എ ഇ.എസ് ബിജിമോൾയുടെ ഇടപെടലിനെ തുടർന്ന് മൂന്ന് കോടി രൂപയുടെ ഫണ്ട് അനുവദിച്ചാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ഹൈടെക് പഠനസൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചത്.
ക്ലാസ് മുറികളുടെയും ലാബുകളുടെയും കുറവ് പരിഹരിച്ച് മികച്ച പഠനാന്തരീക്ഷം ഒരുക്കുക, സ്കൂളിനെ മികച്ച പാഠ്യേതര നിലവാരമുള്ള സ്ഥാപനമാക്കി മാറ്റുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.
എന്നാൽ സാങ്കേതിക അനുമതികൾ വൈകിയതും ബന്ധപ്പെട്ട നടപടികളിലെ വീഴ്ചകളും കാരണം സമയബന്ധിതമായി ഫണ്ട് വിനിയോഗിക്കാൻ കഴിയാതെ വന്നതോടെ നിർമ്മാണം പ്രതിസന്ധിയിലായി. ലാബുകളും ആധുനിക സൗകര്യങ്ങളും ഉൾപ്പെടേണ്ട കെട്ടിടം പാതിവഴിയിൽ നിലച്ചു.
വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ കാര്യക്ഷമമായി മുന്നോട്ട് പോകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ മക്കൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടിയിരുന്ന മികച്ച പഠനസൗകര്യങ്ങളാണ് ഇതോടെ നഷ്ടമാകുന്നത്.



