പോത്തിറച്ചിയുടെ വില കുത്തനെ ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

വില വർധിപ്പിക്കുന്നതിനായി വ്യാപാരികൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ചതായും ആക്ഷേപം

പോത്തിറച്ചിയുടെ വില കുത്തനെ ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പോത്തിറച്ചിയുടെ വില കുത്തനെ ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വില വർധിപ്പിക്കുന്നതിനായി വ്യാപാരികൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ചതായും നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്.

കഴിഞ്ഞ 16 മുതൽ കിലോയ്ക്ക് 50 രൂപ വർധിപ്പിച്ച് പോത്തിറച്ചിയുടെ വില 480 രൂപയായി ഉയർത്തി. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞതാണ് വില വർധിപ്പിക്കാനുള്ള കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം.

എന്നാൽ ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി ഇറക്കുമതി കുറഞ്ഞുവെന്ന വ്യാപാരികളുടെ വാദത്തിന് പിന്നാലെ ഇടുക്കി, കോട്ടയം ജില്ലകളിലെ ഇറച്ചിക്കടകൾ മൂന്ന് ദിവസം അടച്ചിട്ടിരുന്നു. പിന്നീട് വില വർധിപ്പിച്ച ശേഷമാണ് കടകൾ വീണ്ടും തുറന്നത്.

ഇറച്ചി വില വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇടത്തരം കുടുംബങ്ങൾക്ക് ആഴ്ചയിൽ ഒരിക്കൽ ഇറച്ചി വാങ്ങുന്നതുപോലും വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. വിപണി വില നിയന്ത്രിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണമെന്നാണ് ആവശ്യം.