മുല്ലപ്പെരിയാർ യാത്രയ്ക്ക് തമിഴ്‌നാടിന്റെ പുതിയ ഫൈബർ ബോട്ട് തേക്കടിയിലെത്തി

മുല്ലപ്പെരിയാർ യാത്രയ്ക്ക് തമിഴ്‌നാടിന്റെ പുതിയ ഫൈബർ ബോട്ട് തേക്കടിയിലെത്തി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള യാത്രയ്ക്കായി തമിഴ്‌നാട് ജലവിഭവ വകുപ്പ് എത്തിച്ച പുതിയ ഫൈബർ ബോട്ട് തേക്കടി തടാകത്തിൽ ഇറക്കി. കൊച്ചിയിൽ നിന്ന് ശനിയാഴ്ച രാത്രി ലോറിയിലാണ് ബോട്ട് തേക്കടിയിൽ എത്തിച്ചത്. ഞായറാഴ്ച രാവിലെ രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ബോട്ട് തടാകത്തിലിറക്കി.

തടാകത്തിൽ നിലവിലുള്ള പഴയ രണ്ട് ബോട്ടുകളും പൂർണമായി നീക്കം ചെയ്തതിന് ശേഷമേ പുതിയ ബോട്ടിന് സർവീസ് നടത്താൻ അനുമതി നൽകൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

മുമ്പ് ‘ജലറാണി’ എന്ന പഴയ ബോട്ടിന് പകരമായി ‘അണ്ണാ’ എന്ന പേരിൽ തമിഴ്‌നാട് ഫൈബർ ബോട്ട് എത്തിച്ചിരുന്നു. എന്നാൽ പഴയ ബോട്ടുകൾ മാറ്റാതെ പുതിയത് സർവീസ് നടത്താൻ അനുവദിക്കില്ലെന്ന വനംവകുപ്പിന്റെ നിലപാടും തുടർന്ന തർക്കങ്ങളും കാരണം വർഷങ്ങളായി ഈ ബോട്ട് ഉപയോഗിക്കാനായിരുന്നില്ല.

നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള യാത്രയ്ക്കായി തമിഴ്‌നാടിന് രണ്ട് ബോട്ടുകളാണുള്ളത്. 1982-ൽ തടാകത്തിലിറക്കിയ, 21 പേർക്ക് യാത്ര ചെയ്യാവുന്ന ‘കണ്ണകി’ ബോട്ടിന് പകരമായാണ് 27 കുതിരശക്തിയുള്ള പുതിയ ഫൈബർ ബോട്ട് എത്തിച്ചിരിക്കുന്നത്. നിലവിലുള്ള പഴയ ബോട്ടിന് 47 കുതിരശക്തിയുണ്ട്.

പുതിയ ബോട്ട് തടാകത്തിലിറക്കിയതോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ബോട്ടിന്റെ പരീക്ഷണ ഓട്ടവും തുറമുഖ വകുപ്പ് അധികൃതരുടെ പരിശോധനയും പൂർത്തിയായ ശേഷം ഉദ്യോഗസ്ഥരുമായി മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.