‘ഓപ്പറേഷൻ തൂഫാൻ’ : ലഹരിക്കെതിരെ കട്ടപ്പന പോലീസിനൊപ്പം വെള്ളയാംകുടി മർച്ചന്റ്സ് അസോസിയഷനും
ആദ്യഘട്ടത്തിൽ വെള്ളയാംകുടിയിലെ കടകളിൽ ലഹരി വില്പന തടഞ്ഞു കൊണ്ടുള്ള സ്റ്റിക്കർ പതിപ്പിച്ചു
കട്ടപ്പന: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള പോലീസ് നടപ്പാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കട്ടപ്പന പോലീസും വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷനും ഒന്നിക്കുന്നു.
വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിൽ ആദ്യഘട്ടമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവത്കരണം നൽകുകയും കടകളിൽ സ്റ്റിക്കർ പതിക്കുകയും ചെയ്തു
“സ്കൂൾ പരിസരത്തുള്ള ഈ വ്യാപാര സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതല്ല. ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം” എന്ന സന്ദേശവുമായി വെള്ളയാംകുടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.കുട്ടികളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
പരിപാടിയിൽ കട്ടപ്പന പൊലീസ് എസ്.ഐ മാരായ അനൂപ്, ആദർശ് എന്നിവർ നേതൃത്വം നൽകി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും, കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസ്–ജനകീയ സഹകരണം അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരിപാടിയിൽ KVVES വെള്ളയാംകുടി പ്രസിഡന്റ് ബിജോ ജോസഫ്, സെന്റ് ജെറോംസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മാത്യു, വോയ്സ് ഓഫ് വെള്ളയാംകുടി പ്രസിഡന്റ് സലിം എം.എച്ച്, വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.



