ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറംകുടി റോഡ് നിർമ്മാണം പുനരാരംഭിച്ചു; കോൺക്രീറ്റ് ജോലികൾ തുടങ്ങി

ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറംകുടി റോഡ് നിർമ്മാണം പുനരാരംഭിച്ചു; കോൺക്രീറ്റ് ജോലികൾ തുടങ്ങി

ഇടുക്കി: ഏറെ നാളുകളായി മുടങ്ങിക്കിടന്ന ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറംകുടി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോട്ടക്കവല ഫോറസ്റ്റ് ഓഫീസ് മുതൽ കൈതപ്പാറ വരെയുള്ള ഭാഗത്തെ കോൺക്രീറ്റ് ജോലികളാണ് ആരംഭിച്ചത്.

10 സെന്റീമീറ്റർ കനത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്. നിലവിൽ അനുമതി ലഭിച്ചിട്ടുള്ള 3.75 മീറ്റർ വീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. കോൺക്രീറ്റ് പൂർത്തിയാക്കി സിമന്റ് ഇട്ട് റോഡ് ലെവൽ ചെയ്യുന്നതോടെ ഈ ഘട്ടത്തിലെ പണി പൂർത്തിയാകും.

Slide 1
Slide 2
Slide 3
Slide 4

മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായാൽ സമയക്രമം നീളാനും സാധ്യതയുണ്ട്. നിലവിൽ ഒരു മണ്ണുമാന്തി യന്ത്രവും റോഡ് റോളറും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസങ്ങൾ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ വനംമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പരിഹരിച്ചതോടെയാണ് മാസങ്ങളായി നിലച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.

കഴിഞ്ഞ വർഷം അവസാനത്തോടെ കോട്ടക്കവലയിലെ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ കൈതപ്പാറ വരെയുള്ള ഭാഗത്ത് നിർമ്മാണം ആരംഭിച്ചിരുന്നെങ്കിലും റോഡ് മണ്ണിട്ട് നിരപ്പാക്കുന്നതിനപ്പുറം കോൺക്രീറ്റ് ജോലികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വേനൽമഴയിൽ നിരപ്പാക്കിയ ഭാഗത്തെ മണ്ണ് ഒലിച്ചുപോകുന്ന സാഹചര്യമുണ്ടായിരുന്നു.

പി.എം.ജി.എസ്.വൈ ഫേസ്-3 പദ്ധതിയിൽ ഉൾപ്പെടുത്തി

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) ഫേസ്-3 പദ്ധതി പ്രകാരമാണ് റോഡ് നിർമ്മിക്കുന്നത്. പൂർണമായും വനംവകുപ്പ് പി.എം.ജി.എസ്.വൈയ്ക്ക് വിട്ടുനൽകിയ പദ്ധതിയാണിത്.

മണിയാറംകുടിയിൽ നിന്ന് 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് രണ്ട് റീച്ചുകളിലായി 14.82 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

റോഡ് നിർമ്മാണം പൂർത്തിയായ ശേഷം രാത്രികാല യാത്രാ നിയന്ത്രണം, 500 മീറ്റർ ഇടവിട്ട് റോഡിൽ ഹമ്പുകൾ, സിംഗിൾ ലൈൻ ട്രാഫിക് തുടങ്ങിയ കാര്യങ്ങൾ വിശദമായ പഠനത്തിന് ശേഷം വനംവകുപ്പ് നടപ്പാക്കും.

കൈതപ്പാറ, മക്കുവള്ളി, മനയത്തടം, മണിയാറംകുടി മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്ന റോഡ് യാഥാർഥ്യമാകുന്നതിന്റെ പ്രതീക്ഷയിലാണ് നാട്ടുകാർ. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.