പകർച്ചവ്യാധി പ്രതിരോധത്തിന് ‘കരുതൽ 2026-27’; ഇടുക്കി ബ്ലോക്കിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കം
ഇടുക്കി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ഇടുക്കി ബ്ലോക്കിൽ ‘കരുതൽ 2026-27’ എന്ന പേരിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാർ, അലോപ്പതി, ആയുർവേദം, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, പബ്ലിക് ഹെൽത്ത് ജീവനക്കാർ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ, സ്കൂൾ അധികൃതർ, കുടുംബശ്രീ ഭാരവാഹികൾ, ജില്ലാ ശുചിത്വമിഷൻ പ്രതിനിധികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ഷിഗെല്ല, എച്ച്1 എൻ1, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ശില്പശാലയിൽ വിശദമായ ചർച്ചകൾ നടന്നു.
പഞ്ചായത്തുതലത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വാർ റൂമുകൾ ആരംഭിക്കുക, അധ്യാപകർ, വ്യാപാരികൾ, ഹോട്ടൽ-ബേക്കറി ഉടമകൾ, പലഹാര വ്യാപാരികൾ, കുടിവെള്ള വിതരണക്കാർ, സ്കൂൾ പാചക തൊഴിലാളികൾ എന്നിവർക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ നടത്തി ശുചീകരിക്കാനും, ജലദോഷ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കാനും, സാനിറ്റൈസർ ഉപയോഗം ഉറപ്പാക്കാനും തീരുമാനിച്ചു. ചായക്കടകൾ, പലഹാരക്കടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധന നടത്താനും നിർദേശം നൽകി.
തീവ്രയജ്ഞ പരിപാടിയുടെ ബ്ലോക്കുതല സംഘാടക സമിതി ചെയർമാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും കൺവീനറായി മെഡിക്കൽ ഓഫീസറെയും കോ-ഓർഡിനേറ്റർമാരായി ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെയും ഹെൽത്ത് ഇൻസ്പെക്ടറെയും നിയോഗിച്ചു.
കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മോളി ടോമി, വി.എ. ഉലഹന്നാൻ, സോന ട്രീസ ജോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിള ബിജു എന്നിവർ സംസാരിച്ചു.



