ചിങ്ങവനം–ചോറ്റാനിക്കര റെയിൽപാതയിലെ ലെവൽ ക്രോസുകളുടെ സമീപപാത നവീകരണം ഉടൻ പൂർത്തിയാകും

ചിങ്ങവനം–ചോറ്റാനിക്കര റെയിൽപാതയിലെ ലെവൽ ക്രോസുകളുടെ സമീപപാത നവീകരണം ഉടൻ പൂർത്തിയാകും

കോട്ടയം: ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റെയിൽപാതയിലെ ലെവൽ ക്രോസുകളുടെ സമീപപാത ടാർ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.

പ്രവൃത്തികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചതായും കരാർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചതായും എം.പി പറഞ്ഞു. ലെവൽ ക്രോസുകളുടെ ഇരുവശത്തുമുള്ള പാതയുടെ ഉടമസ്ഥത റെയിൽവേക്കായതിനാൽ ഇതുവരെ ടാറിങ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം വാഹന ഗതാഗതവും കാൽനട യാത്രയും ബുദ്ധിമുട്ടിലായിരുന്നു.

റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നവീകരണത്തിനുള്ള തുക അനുവദിച്ചത്. നിലവിൽ രണ്ട് ലെവൽ ക്രോസുകളിലെ പ്രവൃത്തികൾ പൂർത്തിയായി. നാല് ലെവൽ ക്രോസുകളിലെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും എം.പി അറിയിച്ചു.