തീയതിയും ബാച്ച് നമ്പറും രേഖപ്പെടുത്താത്ത വറുത്ത കപ്പ കഴിച്ച് രണ്ട് പേർക്ക് ഭക്ഷ്യവിഷബാധ
കുഞ്ചിത്തണ്ണി: ഉൽപാദന തീയതിയും ബാച്ച് നമ്പറും രേഖപ്പെടുത്താത്ത പാക്കറ്റിൽ നിന്നുള്ള വറുത്ത കപ്പ കഴിച്ച രണ്ട് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശർദ്ദിയെ തുടർന്ന് ഇരുവരും ചികിത്സയിലാണ്.
തൃശൂർ തിരുവല്ലാമല സ്വദേശി അഖിൽ ടി.യു. (34), കുഞ്ചിത്തണ്ണി സ്വദേശി ശ്രീജിത്ത് (36) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച വൈകിട്ട് കുഞ്ചിത്തണ്ണിയിലെ ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ വറുത്ത കപ്പ കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
50 രൂപ നൽകി വാങ്ങിയ വറുത്ത കപ്പയുടെ പാക്കറ്റ് തുറന്ന് കഴിച്ചപ്പോൾ തന്നെ ചെറിയ രുചിവ്യത്യാസം അനുഭവപ്പെട്ടതായി ഇവർ പറഞ്ഞു. ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷം ഇരുവർക്കും ശർദ്ദി ആരംഭിച്ചു. തുടർന്ന് പാക്കറ്റിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വിലയും തൂക്കവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉൽപാദന തീയതിയോ ബാച്ച് നമ്പറോ ഇല്ലെന്ന് കണ്ടെത്തിയത്.
ഇതിനെ തുടർന്ന് ഇരുമ്പുപാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് പരാതി അറിയിച്ചു. പാക്കറ്റിൽ തീയതിയും ബാച്ച് നമ്പറും ഇല്ലെന്ന കാര്യം അറിയിച്ചപ്പോൾ തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചതെന്ന് പരാതിക്കാർ ആരോപിച്ചു.
ശർദ്ദി തുടർന്നതിനെ തുടർന്ന് ഇരുവരും ചികിത്സ തേടി. ഭക്ഷ്യവസ്തുക്കളിൽ നിർമാണ തീയതിയും മറ്റ് നിർബന്ധിത വിവരങ്ങളും രേഖപ്പെടുത്തണമെന്ന നിയമം നിലനിൽക്കെ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും ഉപഭോക്തൃ ഫോറത്തിനും പരാതി നൽകി.



