പിന്നാക്ക മേഖലകളിൽ നവീന പദ്ധതികൾ ആവിഷ്‌കരിക്കണം: നീതി ആയോഗ് വൈസ് ചെയർമാൻ

പിന്നാക്ക മേഖലകളിൽ നവീന പദ്ധതികൾ ആവിഷ്‌കരിക്കണം: നീതി ആയോഗ് വൈസ് ചെയർമാൻ

ഇടുക്കി: ജില്ലയിലെ പിന്നാക്ക മേഖലകളിൽ വികസനം വേഗത്തിലാക്കാൻ നവീനമായ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി. ഇടുക്കിയിലെ ആസ്പിരേഷണൽ ബ്ലോക്കുകളായ ദേവികുളം, അഴുത എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി, പട്ടികവർഗ വികസനം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. കേരളത്തിലെ ജനങ്ങൾ ബുദ്ധിശക്തിയിലും കഴിവിലും മുന്നിലാണ്. രാജ്യത്ത് തന്നെ മികച്ച നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. സാക്ഷരത ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ചിന്നക്കനാൽ അങ്കണവാടി, കുടുംബാരോഗ്യ കേന്ദ്രം, മൂന്നാർ ഗവ. ആംഗ്ലോ-തമിഴ് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അശോക് കുമാർ ലാഹിരി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.

വിവിധ വകുപ്പുകൾ കൂടുതൽ ഏകോപനത്തോടെ പദ്ധതികൾ തയ്യാറാക്കി സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു.

അവലോകന യോഗത്തിൽ നീതി ആയോഗ് ജോയിന്റ് സെക്രട്ടറി കെ.എസ്. റെജിമോൻ, ഡയറക്ടർ ഷോയഹ് അഹമ്മദ്, സബ് കളക്ടർ വി.എം. ആര്യ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.കെ. കുര്യാക്കോസ്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.