പുല്ലുപാറ കൊക്കയിൽ ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി
പീരുമേട്: കൊട്ടാരക്കര–ദിണ്ടിഗൽ ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപമുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടിയ യുവാവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പീരുമേട് അഗ്നിരക്ഷാസേനയും പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
കോട്ടയം കല്ലറ സ്വദേശി മനു (35) ആണ് രക്ഷപ്പെട്ടത്. കൊക്കയിലെ വള്ളിച്ചെടികളിലും കാട്ടിലും കുടുങ്ങിക്കിടന്നതിനാൽ വൻ അപകടം ഒഴിവായി.
ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന മനുവിനെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ നിന്ന് തുടർചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
പുല്ലുപാറയ്ക്ക് സമീപം എത്തിയപ്പോൾ കാർ നിർത്താൻ മനു ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഉടൻ റോഡരികിലെ കൊക്കയിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
വിവരമറിഞ്ഞ ഉടൻ നാട്ടുകാരും പെരുവന്താനം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പീരുമേട് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കൊക്കയിലിറങ്ങി നടത്തിയ തിരച്ചിലിന് കടുത്ത ഇരുട്ടും മൂടൽമഞ്ഞും വെല്ലുവിളിയായി.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വള്ളിച്ചെടികൾക്കിടയിൽ കുടുങ്ങിക്കിടന്ന മനുവിനെ കണ്ടെത്തി. തുടർന്ന് ഏറെ സാഹസികമായാണ് ഇയാളെ മുകളിലെത്തിച്ചത്.
വീഴ്ചയിൽ പരിക്കേറ്റ മനുവിനെ ഉടൻ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് ജീവൻ രക്ഷിക്കാൻ സഹായമായത്.



