ഓപ്പറേഷൻ തൂഫാൻ: ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗവും.

നിരീക്ഷണം ശക്തമാക്കി പോലീസ്

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗവും.

ഓപ്പറേഷൻ തൂഫാൻ ശക്തമാക്കിയതോടെ ലഹരിക്കായി ജീവൻ രക്ഷാ മരുന്നുകൾ ദുരുപയോഗം ചെയ്യുന്നവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. രാസലഹരിയേക്കാൾ ശക്തമായ ലഹരി അനുഭവവും കുറഞ്ഞ ചെലവും ലഭിക്കുമെന്ന ധാരണയാണ് യുവാക്കളെ ഇത്തരം മരുന്നുകളിലേക്ക് ആകർഷിക്കുന്നതെന്നാണ് വിലയിരുത്തൽ.

ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം ശരീര താപനിലയും രക്തസമ്മർദ്ദവും ഉയർത്തി സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വിഷാദം, ഉത്കണ്ഠ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കും ഇവ കാരണമാകാം. മരുന്ന് ലഭിക്കാതെ വരുമ്പോൾ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതും ചിലരിൽ കാണപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4

വ്യാജ കുറിപ്പടികൾ തയ്യാറാക്കി മരുന്നുകൾ വാങ്ങാൻ ശ്രമിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇത്തരം പ്രവണത കൂടുതലാണെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിന്ന് ഒ.പി ചീട്ട് സംഘടിപ്പിച്ച് ഇന്റർനെറ്റിൽ പരിശോധിച്ച മരുന്നുകളുടെ പേരുകൾ ചേർത്ത് വാങ്ങാൻ ശ്രമിക്കുന്ന സംഭവങ്ങളാണ് കൂടുതലായി കണ്ടെത്തുന്നത്.

ഡോക്ടറുടെ കുറിപ്പടി നിർബന്ധമായ മരുന്നുകൾ പോലും യുവാക്കളിലേക്ക് എത്തുന്ന സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

വേദനാസംഹാരികൾ അമിതമായി ഉപയോഗിച്ചും കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ മറ്റ് രാസവസ്തുക്കളുമായി ചേർത്ത് കുത്തിവച്ചുമാണ് ചിലർ ലഹരി ഉപയോഗിക്കുന്നത്. കൃത്യമായ മെഡിക്കൽ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട അനസ്തേഷ്യ മരുന്നുകളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നിയന്ത്രണമുള്ള മരുന്നുകൾ ചില കേന്ദ്രങ്ങളിൽ കുറിപ്പടി പരിശോധിക്കാതെ നൽകുന്നതും ലഹരി സംഘങ്ങൾക്ക് സഹായകരമാകുന്നുണ്ട്. കച്ചവട ലക്ഷ്യത്തോടെ നിയമങ്ങൾ പാലിക്കാതെ മരുന്നുകൾ നൽകുന്ന സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും.

അടുത്തിടെ ലഹരി കേസുകളിൽ പിടിയിലായവരിൽ നിന്ന് മരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ആദ്യഘട്ടത്തിൽ കഞ്ചാവ്, രാസലഹരി എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. രണ്ടാംഘട്ടത്തിൽ മരുന്നുകളുടെ ദുരുപയോഗവും ഓൺലൈൻ വഴിയുള്ള ലഭ്യതയും ഉൾപ്പെടെ വിശദമായി പരിശോധിക്കാനാണ് തീരുമാനം.