പൊതുസ്ഥലത്ത് പോസ്റ്റർ ഒട്ടിച്ചാൽ പിഴ; കരിമണ്ണൂരിൽ നടപടി
കരിമണ്ണൂർ : ബസ് കാത്തിരിപ്പുകേന്ദ്രം അടക്കം പൊതുസ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടുണ്ടാക്കിയവർക്ക് കനത്ത പിഴ. കരിമണ്ണൂർ ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രം പോസ്റ്ററുകൾ നിറഞ്ഞതിനെതിരെ സാമൂഹിക പ്രവർത്തകൻ സിനു ജോസ് നൽകിയ പരാതിയിലാണ് നടപടി.
മാലിന്യമുക്ത നവകേരളം വാട്‌സാപ്പ് നമ്പരിലും കെ-സ്മാർട്ട് വഴിയും അദ്ദേഹം പരാതി നൽകി. തുടർ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും പരാതികൾ അയച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പഞ്ചായത്തിനെതിരെ പോലീസ് നോട്ടീസ് നൽകി. തുടർന്ന് പഞ്ചായത്ത് പോസ്റ്ററുകൾ നീക്കം ചെയ്ത് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി. പൊതു സ്ഥലത്തിൽ മലിനീകരണം സൃഷ്ടിച്ചതിന്റെ പേരിൽ ബന്ധപ്പെട്ടവർക്ക് 3000 രൂപ വീതം പിഴ ചുമത്തിയതായും സെക്രട്ടറി അറിയിച്ചു
.






