തൊടുപുഴ കെ.എസ്.ആർ.ടി.സി. ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ദുരിതമാകുന്നു; പരിഷ്കരണം ആവശ്യപ്പെട്ട് പരാതി

തൊടുപുഴ കെ.എസ്.ആർ.ടി.സി. ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ദുരിതമാകുന്നു; പരിഷ്കരണം ആവശ്യപ്പെട്ട് പരാതി

തൊടുപുഴ : കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ പുതുതായി ഏർപ്പെടുത്തിയ ട്രാഫിക് സിഗ്നൽ സംവിധാനം ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി പരാതി. സിഗ്നലിലെ സമയക്രമം പുനഃക്രമീകരിക്കണമെന്നും ജംഗ്ഷനിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകളും പൊതുപ്രവർത്തകരുമടക്കമുള്ളവർ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകി.

ഗാന്ധി സ്ക്വയർ മുതൽ മോർ ജംഗ്ഷൻ വരെയും അവിടെനിന്ന് മാരിയിൽ കലുങ്ക് പാലം വരെയും പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായാണ് പരാതി. രാവിലെയും വൈകിട്ടും സ്കൂൾ, ഓഫീസ് സമയങ്ങളിലാണ് തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും മറ്റ് വാഹനങ്ങളും ഒരേസമയം ജംഗ്ഷനിൽ കുടുങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

ഗതാഗതക്കുരുക്കിനെ തുടർന്ന് സമയനഷ്ടം ഒഴിവാക്കാൻ ചില ബസുകൾ നഗരത്തിലൂടെ അമിതവേഗത്തിൽ സഞ്ചരിക്കുന്നതായും ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുട്ടം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഇല്ലാത്തതും പ്രശ്നം സങ്കീർണമാക്കുന്നു.

ഓടകളുടെ തകർന്ന സ്ലാബുകൾ, ബസ് സ്റ്റോപ്പുകളിലെ തിരക്ക്, ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ, റോഡരികിലെ അനധികൃത പാർക്കിങ്, നടപ്പാതകളിലെ കൈയേറ്റങ്ങൾ എന്നിവയും ഗതാഗതതടസത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗങ്ങളിൽ വ്യാപാരികൾ, സ്വകാര്യ ബസ് ഉടമകൾ, കെ.എസ്.ആർ.ടി.സി. അധികൃതർ, ഓട്ടോ തൊഴിലാളി യൂണിയനുകൾ, സാമൂഹിക സംഘടനകൾ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ചർച്ച നടത്തി തീരുമാനങ്ങളെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിലെ സിഗ്നൽ സംവിധാനം അടിയന്തരമായി നിർത്തിവച്ച് ഗതാഗത സാഹചര്യം വിലയിരുത്തണമെന്നും ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്നുമാണ് ആവശ്യം.

Slide 1
Slide 2
Slide 3
Slide 4

സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമായതോടെ നേരത്തെ രണ്ട് പോലീസുകാർ വീതം ഡ്യൂട്ടി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ നാല് പോലീസുകാർ ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും പരാതിയുണ്ട്. വെയിലും മഴയും ഏൽക്കാതെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യമില്ലാത്തതും പോലീസുകാർ നേരിടുന്ന മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4