നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് പുത്തൻ ഉണർവ്; 13 വർഷത്തിനുശേഷം നാഗമ്പടത്ത് സംസ്ഥാന ഫുട്ബോൾ മത്സരം

നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് പുത്തൻ ഉണർവ്; 13 വർഷത്തിനുശേഷം നാഗമ്പടത്ത് സംസ്ഥാന ഫുട്ബോൾ മത്സരം

കോട്ടയം: പതിമൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം നാഗമ്പടം നെഹ്റു സ്റ്റേഡിയം വീണ്ടും ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്നു. ഡിസംബർ 10 മുതൽ 17 വരെ നടക്കുന്ന സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 2013-ൽ നടന്ന സംസ്ഥാന സീനിയർ പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുശേഷം ആദ്യമായാണ് സ്റ്റേഡിയത്തിൽ സംസ്ഥാനതല മത്സരം നടക്കുന്നത്.

വർഷങ്ങളായി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന മൈതാനത്തിന്റെ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

പുല്ല് വെട്ടിമാറ്റിയും മൈതാനത്തെ കുഴികൾ മണ്ണിട്ട് നികത്തി നിലം നിരപ്പാക്കിയും ഗ്രൗണ്ട് മത്സരയോഗ്യമാക്കുന്ന ജോലികളാണ് നടക്കുന്നത്. ഗാലറികളും പവിലിയനും ശുചീകരിക്കുന്നതിനൊപ്പം ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കാനുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ നവീകരണ ജോലികൾ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

14 ജില്ലകളുടെ ടീമുകൾ മാറ്റുരയ്ക്കും

കോട്ടയം മുനിസിപ്പൽ കൗൺസിലും ജില്ലാ ഫുട്ബോൾ അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എട്ടുദിവസങ്ങളിലായി 14 ജില്ലകളിൽനിന്നുള്ള ടീമുകൾ മത്സരിക്കും. ദിവസവും രാവിലെ 7.30നും വൈകിട്ട് 4.45നും മത്സരങ്ങൾ നടക്കും. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് കേരള ടീമിലേക്കുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പും നടക്കും.

Slide 1
Slide 2
Slide 3
Slide 4

ഒൻപതേക്കർ വിസ്തൃതിയിലുള്ള സ്റ്റേഡിയത്തിൽ ആറര ഏക്കർ വിസ്തൃതിയുള്ള മൈതാനവും മൂന്ന് വശങ്ങളിലായി ഏകദേശം 18,000 പേർക്ക് ഇരിക്കാവുന്ന ഗാലറിയുമുണ്ട്. കൃത്യമായ പരിപാലനമില്ലാതെ വർഷങ്ങളായി കിടന്ന സ്റ്റേഡിയത്തിൽ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതും ഒരാൾ ഉയരത്തിൽ പുല്ല് വളരുന്നതും കായികപ്രേമികൾക്ക് നിരാശയായിരുന്നു. വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പോടെ സ്റ്റേഡിയത്തിന് വീണ്ടും കായികപ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.