ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം താൽക്കാലികമായി നിർത്തിവച്ചു
മൂന്നുദിവസം നീണ്ട ദൗത്യം ഫലം കണ്ടില്ല; രണ്ട് ഡോസ് മയക്കുവെടിയേറ്റിട്ടും ആന മയങ്ങിയില്ല
ചിന്നക്കനാൽ: ജനവാസ മേഖലയിൽ ഭീഷണിയായ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. മൂന്നുദിവസം നീണ്ട ശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ദൗത്യം തൽക്കാലം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
ദൗത്യത്തിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച സങ്കീർണമായ നീക്കങ്ങൾക്കൊടുവിൽ ആനയ്ക്ക് രണ്ട് ഡോസ് മയക്കുവെടി നൽകിയെങ്കിലും പൂർണമായി മയക്കാനായില്ല. ഇതിനിടെ ആനയിറങ്കൽ ഡാമിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പൻ മുക്കാൽ മണിക്കൂറോളം നീന്തി രണ്ട് കിലോമീറ്ററോളം അകലെയുള്ള മറുകരയിലെത്തി.
തുടർന്ന് പിന്തുടർന്നെത്തിയ ദൗത്യസംഘം വൈകിട്ട് ആറുമണിയോടെ ഡാമിന്റെ കരയിൽനിന്ന് ആനയെ കാട്ടിലേക്ക് കടത്തി. എന്നാൽ വെളിച്ചക്കുറവും ആനയ്ക്ക് ആവശ്യമായ മയക്കം ലഭിക്കാത്തതും തുടർനീക്കങ്ങൾക്ക് തടസ്സമായി. ഇതോടെയാണ് ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചത്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദൗത്യം നിർത്തിവച്ചതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്) അറിയിച്ചു.


