ഉപ്പുതറയിൽ കേരളോത്സവത്തിന് കൊടിയേറി; വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം
ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിലെ കേരളോത്സവത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. മേച്ചേരിക്കട ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി വലിയ പാലം വഴി പഞ്ചായത്തങ്കണത്തിൽ സമാപിച്ചു. കേരളത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും പങ്കാളിത്തവും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, കലാ-കായിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രമണി രൂപേഷ് പഞ്ചായത്തങ്കണത്തിൽ കേരളോത്സവ പതാക ഉയർത്തി.
പഞ്ചായത്ത് പ്രസിഡന്റ് രമണി രൂപേഷ്, ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
യുവജനങ്ങളുടെ കലാ, കായിക, സാംസ്കാരിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവരിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനുമായി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.


