തൊടുപുഴയിൽ ഏഴാമത് സംസ്ഥാന നാടകോത്സവം 29 മുതൽ; നാല് നാടകങ്ങൾ അരങ്ങിലെത്തും
തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാന നാടകോത്സവം നവംബർ 29, 30, ഡിസംബർ 1, 2 തീയതികളിൽ തൊടുപുഴ ടൗൺ ഹാളിൽ നടക്കും. നാല് ദിവസങ്ങളിലായി നാല് നാടകങ്ങളാണ് അരങ്ങിലെത്തുക. എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് നാടകാവതരണം. നടൻ തിലകന്റെ പേരിലാണ് ഇത്തവണ നാടകവേദി ഒരുക്കിയിരിക്കുന്നത്.
ചങ്ങനാശ്ശേരി അണിയറയുടെ തിര, തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ, കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം, തിരുവനന്തപുരം മലയാള നാടകവേദിയുടെ ഒരു സുന്ദരദിവസം എന്നിവയാണ് അവതരിപ്പിക്കുക.
നാടകോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 29ന് വൈകിട്ട് 5.30ന് സംസ്ഥാന ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. ബാബു അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഈ വർഷത്തെ ജയ്ഹിന്ദ് സാഹിത്യപുരസ്കാരം നോവലിസ്റ്റ് വിനോദ് കൃഷ്ണ, പുരസ്കാരജേതാവായ പ്രിയ ജോസഫിന് സമ്മാനിക്കും. കുന്നുമ്മേൽ കുടുംബം നൽകുന്ന 10,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക് മുഖ്യപ്രഭാഷണം നടത്തും.
ഒരു നാടകത്തിന് 200 രൂപയാണ് പ്രവേശന പാസ് നിരക്ക്. പാസുകൾ തൊടുപുഴ പഗോഡ ബുക്സിലും നാടകദിവസങ്ങളിൽ ടൗൺ ഹാളിന് പുറത്തുള്ള കൗണ്ടറിലും ലഭിക്കും


