ഉണക്ക് കുറഞ്ഞ ഏലക്കാ വിപണിയിലെത്തുന്ന സംഭവത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം.
ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ ചില ഏലക്കാ സ്റ്റോറുകളിൽ ഉണക്കം കുറഞ്ഞ ഏലക്കയിൽ കൃത്രിമ നിറം ചേർത്ത് വിപണിയിലെത്തിക്കുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ഇടുക്കി ഏലക്കയുടെ നിലവാരം തകരുന്നതിനും വില ഇടിയുന്നതിനും കാരണമാകുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് സ്പൈസസ് ബോർഡ് പരിശോധനയ്ക്ക് നിർദേശം നൽകിയത്.
ഏലക്കാ സ്റ്റോറുകളിൽ കേന്ദ്രീകരിച്ച് പരിശോധനകൾ വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. സ്പൈസസ് ബോർഡ് നടത്തുന്ന ഇ-ലേലത്തിന് എത്തുന്ന ഓരോ ലോട്ട് ഏലക്കയുടെയും ഈർപ്പത്തിന്റെ തോതും ലിറ്റർ വെയിറ്റും കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തണമെന്ന നിർദ്ദേശമാണ് ബോർഡ് നൽകിയിരിക്കുന്നത്. നിർദ്ദേശം പാലിക്കാത്ത ഏലക്കയെ ലേലത്തിൽ ഉൾപ്പെടുത്തില്ലെന്നും ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുതൽ പുതിയ രീതിപ്രകാരം ലേലങ്ങൾ നടക്കുന്നു.
ഈർപ്പത്തിന്റെ തോതിലോ ലിറ്റർ വെയിറ്റിലോ പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഗുണമേൻമ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ബോർഡ് അറിയിച്ചു.
ചില രാസവസ്തുക്കൾ ചേർത്ത് പാതി ഉണക്കിയ ഏലക്ക വിപണിയിലെത്തിക്കപ്പെടുന്നതായും ഇത്തരം ഏലക്കകൾ വേഗത്തിൽ നശിക്കുന്നതിനാൽ വ്യാപാരികൾക്ക് പ്രതികൂല സാഹചര്യം സൃഷ്ടിക്കുകയാണെന്നും കാർഡമം ഡ്രയർ ഓണേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. ഇത്തരം ഏലക്ക കയറ്റുമതി ചെയ്താൽ തിരിച്ചയയ്ക്കപ്പെടാനുള്ള സാധ്യത കൂടുതലായതിനാൽ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.





