ജില്ലയില്‍ നടന്നു വരുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങള്‍ ഉടൻ പൂർത്തീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

ജില്ലയില്‍ നടന്നു വരുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങള്‍ ഉടൻ പൂർത്തീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡുകളുടെ അടക്കമുളള നിർമ്മാണപ്രവർത്തനങ്ങള്‍ അടിയന്തിരമായി പൂർത്തീകരിക്കാനുളള നടപടികള്‍ സ്വീകരിക്കണം. പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോർട്ട് കളക്ടർ മുഖാന്തരം സർക്കാരിന് ലഭ്യമാക്കണമെന്നും വകുപ്പ് മേധാവികളോട് മന്ത്രി നിർദേശിച്ചു.

സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി ജില്ലയിലെ അണ്‍ഫിറ്റ് ആയ എല്ലാ സ്‌കൂള്‍ കെട്ടിടങ്ങളുടേയും വാല്യുവേഷൻ പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർദേശിച്ചു. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കളക്ടർ പറഞ്ഞു.

പ്രാഥമിക പരിശോധനയില്‍ 43 സ്‌കൂള്‍ അനുബന്ധ കെട്ടിടങ്ങളാണ് അണ്ഫിറ്റാണ് എന്ന് അറിയിച്ചിരുന്നത്. വിശദ പരിശോധനയില്‍ 24 കെട്ടിടങ്ങള്‍ മാത്രമേ അണ്‍ഫിറ്റായിട്ടുള്ളു എന്നും മറ്റുള്ളവ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ കഴിയുന്നതാണ് എന്നും കണ്ടെത്തിയിരുന്നു. അണ്‍ഫിറ്റായ കെട്ടിടങ്ങളില്‍ 8 എണ്ണം എല്‍.പി/യു.പി സ്‌കൂളുകളിലെ കെട്ടിടങ്ങളാണ്. അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കേണ്ട സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് എൻജിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇടമലക്കുടിയിലെ നിർമ്മാണം പൂർത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ചുള്ള പരിശോധന ജനുവരി ആദ്യ ആഴ്ച പൂർത്തിയാക്കി റിപ്പോർട്ട് ജനുവരി അഞ്ചിനകം സമർപ്പിക്കാൻ മൂന്നാർ ഡി. എഫ്.ഒയോട് കളക്ടർ നിർദേശിച്ചു. പട്ടികവർഗ വികസന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തേണ്ടത്.

ഇടമലക്കുടിയില്‍ പൂർത്തിയാക്കാൻ ബാക്കിയുള്ള 3 കി.മീ റോഡ് അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എ.രാജ എം.എല്‍.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിർദേശം കരാറുകാരന് നല്‍കിയിട്ടുണ്ടെന്നും പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സി. എഞ്ചിനീയർ അറിയിച്ചു.

ഓഫ് റോഡ് ജീപ്പ് സഫാരികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങളെ മുഴുവൻ ഉള്‍പ്പെടുത്തിയുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷൻ തയ്യാറാക്കുന്നുണ്ടെന്നും ഇത് നിലവില്‍ വന്നാല്‍ സാഹസിക ടൂറിസം തുടങ്ങി എല്ലാ പ്രവർത്തനങ്ങള്‍ക്കും വ്യക്തമായ മാർഗനിർദേശങ്ങള്‍ നിലവില്‍ വരുമെന്ന് കളക്ടർ അറിയിച്ചു.

ജില്ലയില്‍ ഇതുവരെ നിപ്പ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ വണ്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസറുടെ കീഴില്‍ നിലവില്‍ മാപ്പ് ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്രസ്തുത വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, വനം വകുപ്പ്, എന്നിവരെ അറിയിച്ചിട്ടുണ്ട്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റുകള്‍, ടൂറിസ്റ്റുകള്‍ കൂടുതലായി വരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ നിപ്പ ബോധവല്‍ക്കരണ ബോർഡുകള്‍ സ്ഥാപിക്കും.

വന്യമൃഗ ശല്യം ഉള്ള സ്ഥലങ്ങളില്‍ ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ഇതില്‍ വരുമാന വർദ്ധനവ് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യുന്നതിനായി പ്രിൻസിപ്പല്‍ കൃഷി ഓഫീസർ, വനം വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസർ (ഐഎസ്‌എം) കെ.എഫ്.ആർ. ഐ മുതലായവരെയും മറ്റ് സമാന ഏജൻസികളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി ജനുവരി ആദ്യവാരം യോഗം ചേരും.

സ്ഥലം ലഭ്യമല്ലാത്ത വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന 61 അംഗനവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം ജനുവരി എട്ടിന് ചേരാനും തീരുമാനിച്ചു.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി.ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോള്‍, വിവിധ വകുപ്പ് ധേധാവികള്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.