ഇടുക്കിയിലേക്ക് ഒരാഴ്ചയ്ക്കിടെ ഒഴുകി എത്തിയത് ഒന്നര ലക്ഷത്തോളം ആളുകൾ
ക്രിസ്മസ് അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിയത് 1,49,423 ആളുകൾ
ക്രിസ്മസ് ദിനത്തിലും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.
വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര്‍ എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7,693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില്‍ 8,644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,965 പേരും സന്ദര്‍ശനം നടത്തി.
രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും സഞ്ചാരികള്‍ എത്തി. രാമക്കല്‍മേട്ടില്‍ ക്രിസ്മസ് ദിനത്തില്‍ 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്‍ശനം നടത്തി.
പാഞ്ചാലിമേട്ടില്‍ 2,552 പേരും 2,251 പേരും മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4,211 പേരും 3,874 പേരുമെന്ന ക്രമത്തിലുമാണ് രണ്ട് ദിവസങ്ങളില്‍ എത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിന് പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്‍വ്യൂ പാര്‍ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.
വനംവകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികള്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി എത്തി.
കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ കുടുംബസമേതമാണ് കൂടുതല്‍ പേരും എത്തിയത്. ഇനി പുതുവത്സരത്തോടനുബന്ധിച്ച് വാഗമണ്‍, മൂന്നാര്‍, കാല്‍വരിമൗണ്ട്, പരുന്തുംപാറ എന്നിവിടങ്ങളിലെയും വന്‍ തിരക്കനുഭവപ്പെടും.
വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദര്‍ശകരും നൂറുകണക്കിന് വാഹനങ്ങളും എത്തുന്നുണ്ട്. അതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
പുതുവത്സരാഘോഷങ്ങള്‍ക്കായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വലിയ ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്കും ക്രിസ്മസ്-പുതുവത്സര ദിനങ്ങള്‍ ചാകരക്കാലമാണ്.
പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ക്കെതിരെയും അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.





