കട്ടപ്പന–പുളിയന്മല റോഡ് നിർമാണത്തിന് 48.41 കോടി രൂപ അനുവദിച്ചു
കട്ടപ്പന: മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി കട്ടപ്പന മുതൽ പുളിയന്മല വരെ റോഡ് നിർമിക്കുന്നതിനായി 48.41 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സംസ്ഥാന സർക്കാർ കിഫ്ബി മുഖേനയാണ് തുകയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.
ഇതിനോടകം ചപ്പാത്ത്–മേരിക്കുളം, മേരിക്കുളം–നരിയംപാറ, നരിയംപാറ–ഇടുക്കി കവല എന്നീ മൂന്ന് ഘട്ടങ്ങളിലായി 175.67 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും, അവിടുത്തെ റോഡ് നിർമാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ബി.എം & ബി.സി നിലവാരത്തിൽ റോഡ് നിർമിക്കുന്നതോടൊപ്പം, ആവശ്യമായ സ്ഥലങ്ങളിൽ ഇരുവശങ്ങളിലും ഐറിഷ് ഓട, സംരക്ഷണ ഭിത്തി, കലുങ്കുകൾ, ലൈറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.
ഇടുക്കിയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ ദിനംപ്രതി നിരവധി യാത്രക്കാരും ശബരിമല ഭക്തജനങ്ങളും ഈ റോഡിലൂടെ സഞ്ചരിക്കുന്നു. കുത്തനെയുള്ള കയറ്റങ്ങളും അപകടകരമായ വളവുകളും മൂലം ഇവിടെ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, ആധുനിക നിലവാരത്തിലുള്ള റോഡ് നിർമാണം പൂർത്തിയാകുന്നതോടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.





