ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണം: ഇടുക്കി രൂപത വൈദിക സമിതി
ഇടുക്കി:ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നോക്കാവസ്ഥയും ക്ഷേമവും സംബന്ധിച്ച് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഉടൻ പൂർണമായി പ്രസിദ്ധീകരിക്കണമെന്നും, ബന്ധപ്പെട്ട ക്രൈസ്തവ വിഭാഗങ്ങളുമായി വിശദമായ കൂടിയാലോചന നടത്തിയ ശേഷമേ അതിലെ ശുപാർശകൾ നടപ്പിലാക്കാവൂ എന്നും ഇടുക്കി രൂപത വൈദിക സമിതി ആവശ്യപ്പെട്ടു.
ഇടുക്കി രൂപതാ കേന്ദ്രത്തിൽ ചേർന്ന വൈദിക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 2020 നവംബർ 5ന് നിയോഗിക്കപ്പെട്ടും 2023 മെയ് മാസത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടും ചെയ്ത ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് ഇപ്പോഴും പൊതുസമൂഹം അന്ധകാരത്തിലാണെന്ന് യോഗം വിലയിരുത്തി.
ക്രൈസ്തവരുടെ വിദ്യാഭ്യാസം, സാമ്പത്തിക നില, സാമൂഹിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് കമ്മീഷന്റെ ലക്ഷ്യമായിരുന്നതെങ്കിലും, രണ്ടര വർഷത്തിലേറെയായിട്ടും റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് ആശങ്കാജനകമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ ഉള്ളടക്കം സർക്കാരിനറിയാമെങ്കിലും, ബന്ധപ്പെട്ട വിഭാഗങ്ങൾക്കും പൊതുസമൂഹത്തിനും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. അതേസമയം, റിപ്പോർട്ടിലെ ശുപാർശകളിലേറെയും നടപ്പിലാക്കിയെന്നും ബാക്കി ഉടൻ പരിഹരിക്കുമെന്നും സർക്കാർ വാദിക്കുന്നത് വിചിത്രമാണെന്നും വൈദിക സമിതി അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുൻപ് കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൂടാതെ, ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി കൈസ്തവർക്കും ലഭ്യമാക്കുന്നതിനുള്ള വ്യക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും രാജ്യത്ത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള അക്രമങ്ങൾ വർധിക്കുന്നതും ഏറെ അപലപനീയമാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ നിലപാടുകൾ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് പ്രമേയം അവതരിപ്പിച്ചു. വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ, രൂപതാ ചാൻസലർ റവ. ഡോ. മാർട്ടിൻ പൊൻപനാൽ എന്നിവർ സംസാരിച്ചു.





