കട്ടപ്പന മാർക്കറ്റിലെ ശുചിമുറി അടച്ചതിൽ പ്രതിഷേധം; നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി
കട്ടപ്പന : മത്സ്യ മാർക്കറ്റിലെ ശുചിമുറിയുടെ പ്രവർത്തനം രണ്ടാഴ്ചയായി നിലച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കട്ടപ്പന നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി. ശൗചാലയം അടച്ചിട്ട് നീണ്ട ദിവസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതോടെയാണ് സമിതി രംഗത്തെത്തിയത്.
നഗരസഭയുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് മത്സ്യ മാർക്കറ്റിലെ ശൗചാലയ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ ആരോപിച്ചു. ശൗചാലയത്തിന് പൂട്ട് വീണതോടെ മാർക്കറ്റിലെ വ്യാപാരികളും ഇവിടെ എത്തുന്ന പൊതുജനങ്ങളും കടുത്ത ദുരിതത്തിലാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഒരൊറ്റ ശൗചാലയം മാത്രമാണ് മാർക്കറ്റിലുള്ളത്.
ശൗചാലയത്തിലെ പൈപ്പുകളിൽ ബ്ലോക്കുണ്ടായതിനെ തുടർന്നാണ് പ്രവർത്തനം നിർത്തിവച്ചതെന്നാണ് വിശദീകരണം. മുൻകാലങ്ങളിലും അറ്റകുറ്റപ്പണികളുടെ ഭാഗമായി ശൗചാലയം അടച്ചിട്ടിരുന്നുവെങ്കിലും ഇത്രയും ദിവസം അടച്ചിടുന്നത് ആദ്യമാണെന്ന് നേതാക്കൾ പറഞ്ഞു. നിരവധി തവണ നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടും നടപടി ഉണ്ടായില്ലെന്നും അവർ ആരോപിച്ചു.
ഇതേ തുടർന്നാണ് വ്യാപാരി വ്യവസായി സമിതി നിവേദനം നൽകിയത്. സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങളാണ് പൈപ്പുകൾ ബ്ലോക്കാകാൻ കാരണമെന്നും, ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം തുറന്ന് നൽകുമെന്നും നഗരസഭ സെക്രട്ടറി അജി കെ. തോമസ് അറിയിച്ചു.
നിവേദനം നൽകാനെത്തിയ സംഘത്തിൽ വ്യാപാരി വ്യവസായി സമിതി നേതാക്കളായ മജീഷ് ജേക്കബ്, ഷിനോജ് ജി.എസ്, ആൽബിൻ തോമസ്, പി.ജെ. കുഞ്ഞുമോൻ, പി.ബി. സുരേഷ്, എം.ആർ. അയ്യപ്പൻകുട്ടി, എ.വി. രതീഷ്, പി.എം. ഷെഫീഖ്, മനു ജോസഫ് എന്നിവർ പങ്കെടുത്തു.





