കണക്‌ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് അക്കൗണ്ടിലെത്തി; 9,861 പേര്‍ക്ക് തുക ലഭിച്ചതായി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടക്കം കുറിച്ച ‘കണക്‌ട് ടു വർക്ക്’ പദ്ധതിയിൽ 9,861 പേര്‍ക്ക് സ്കോളര്‍ഷിപ്പ് തുക ബാങ്ക് അക്കൗണ്ടുകളിലെത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ, അടുത്ത ദിവസം തന്നെ അർഹരായ 10,000 അപേക്ഷകർക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുകയും പ്രതിമാസ ഗഡുവായ ആയിരം രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് ചെയ്യുകയും ചെയ്തു.
ഇതിൽ 9,861 പേരുടെ അക്കൗണ്ടുകളിലേക്കാണ് തുക വിജയകരമായി എത്തിയിട്ടുള്ളത്. ശേഷിക്കുന്ന അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ മൂലമാണ് തുക ക്രഡിറ്റ് ചെയ്യാനാകാതിരുന്നത്. തടസ്സങ്ങൾ പരിഹരിക്കുന്നതോടെ അവരുടേയും അക്കൗണ്ടുകളിലേക്ക് തുക കൈമാറുമെന്ന് ധനമന്ത്രി അറിയിച്ചു.
പഠനം പൂർത്തിയാക്കി തൊഴിൽ തേടുന്നവർക്കും നൈപുണ്യ പരിശീലനം നേടുന്നവർക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനാണ് ‘കണക്‌ട് ടു വർക്ക്’ പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങളിലെ 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവതി–യുവാക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം. കേരളത്തിലെ സ്ഥിരതാമസക്കാർക്കാണ് സ്കോളര്‍ഷിപ്പിന് അർഹത.
കേന്ദ്ര–സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അംഗീകൃത സർവ്വകലാശാലകൾ, ഡീംഡ് സർവ്വകലാശാലകൾ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരും, യുപിഎസ്സി, സംസ്ഥാന പി.എസ്.സി., സർവ്വീസ് സെലക്ഷൻ ബോർഡ്, സൈന്യം, നാവികസേന, വ്യോമസേന, ബാങ്ക്, റെയിൽവേ തുടങ്ങിയ കേന്ദ്ര–സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുമാണ് അപേക്ഷകർ.
അർഹരായ ആദ്യത്തെ അഞ്ച് ലക്ഷം പേർക്ക് സ്കോളര്‍ഷിപ്പ് നൽകും. യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുക, പഠനോത്സാഹം നിലനിർത്തുക, നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ എംപ്ലോയ്മെൻറ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബ്പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം.
ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം വഴി പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്





