സംസ്ഥാനം നേടിയ നേട്ടങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനം നേടിയ നേട്ടങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി:കേരളം നേടിയ ഒട്ടേറെ വികസനവും സാമൂഹികവുമായ നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാകുന്നവയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, മതേതരത്വം, സമത്വം എന്നീ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കാനുള്ള അവസരമാണ് റിപ്പബ്ലിക് ദിനമെന്നും, ഇടുക്കി ജില്ലയുടെ 54-ാം ജന്മദിനം കൂടിയായതിനാൽ ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖം രാജ്യത്തിന്റെ സമുദ്രവ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്കും അടുക്കാൻ കഴിയുന്ന ഈ തുറമുഖം ദക്ഷിണേന്ത്യയിലെ പ്രധാന ട്രാൻഷിപ്പ്മെന്റ് ഹബ്ബായി മാറിക്കഴിഞ്ഞു. രണ്ടാംഘട്ട വികസനത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ചിട്ടുണ്ടെന്നും, 10 മാസത്തിനിടെ 10 ലക്ഷത്തിലധികം കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തതായും മന്ത്രി വ്യക്തമാക്കി. ഇതിലൂടെ പതിനായിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വികസനത്തിന്റെയും സാമൂഹിക നീതിയുടെയും പുതിയ മാതൃക സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. 2025-ൽ അതിദാരിദ്ര്യമില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന നേട്ടം കേരളം കൈവരിച്ചത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കെ-സ്മാർട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കാനും, 100 ശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞു.

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ മുന്നേറ്റങ്ങൾ ലോകശ്രദ്ധ നേടിയതായും, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ വിദ്യാർത്ഥികളെ പോലും ആകർഷിക്കുന്ന മാറ്റങ്ങൾ കേരളത്തിൽ ഉണ്ടായതായും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സയൻസ് പാർക്കും ഡിജിറ്റൽ സയൻസ് സിറ്റിയും ആരംഭിച്ച സംസ്ഥാനമായി കേരളം മാറി.

അടിസ്ഥാന വികസനം, ആരോഗ്യ-വിദ്യാഭ്യാസം, കൃഷി, ടൂറിസം മേഖലകളിൽ കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിനിടെ ഇടുക്കി ജില്ല വലിയ മുന്നേറ്റം കൈവരിച്ചു. മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, നെടുംകണ്ടത്തെ ആയുർവേദ മെഡിക്കൽ കോളേജ് എന്നിവ ജില്ലയുടെ പ്രധാന നേട്ടങ്ങളാണ്.

ഇടുക്കി കർഷകരുടെ ഉന്നമനത്തിനായി മുട്ടത്ത് ആരംഭിച്ച സ്പൈസസ് പാർക്ക് വലിയ കാൽവയ്പ്പാണെന്നും, ഹൈറേഞ്ച് ഉൽപ്പന്നങ്ങളെ ലോക വിപണിയിൽ ബ്രാൻഡ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ആലിൻചുവട് മേഖലയിൽ മിനി ഫുഡ് പാർക്ക് നിർമ്മാണം ഉടൻ ആരംഭിക്കും. ഭൂപതിവ് നിയമ ഭേദഗതിയിലൂടെ ഇടുക്കിയിലെ ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഏലം പുനർകൃഷിക്ക് ഹെക്‌ടറിന് ഒരു ലക്ഷം രൂപ സഹായം നൽകുന്ന പദ്ധതി ആരംഭിച്ചതായും അറിയിച്ചു.

ശുദ്ധജല വിതരണ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. സർക്കാർ അധികാരത്തിൽ വന്നപ്പോൾ 17 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്കായിരുന്നു കുടിവെള്ളം ലഭ്യമായിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 42 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. 5000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലായിക്കൊണ്ടിരിക്കുകയാണെന്നും, ആകെ 44,000 കോടി രൂപയുടെ ജലവിതരണ പദ്ധതികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നതെന്നും വ്യക്തമാക്കി.

ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളം ഒറ്റക്കെട്ടായി മുന്നേറുകയാണെന്നും, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻ.സി.സി., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം സ്കൂളുകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് ഒരുമിച്ച് മുന്നേറണമെന്നും, നവകേരള സൃഷ്ടിക്കായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

ഇടുക്കി ഐ.ഡി.എ മൈതാനത്ത് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ.എം, എ.ഡി.എം ഷൈജു പി. ജേക്കബ് എന്നിവർ മന്ത്രി റോഷി അഗസ്റ്റിനെ സ്വീകരിച്ചു. തുടർന്ന് മന്ത്രി പരേഡ് പരിശോധിക്കുകയും 18 പ്ലറ്റൂണുകൾ അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ് അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.