കട്ടപ്പന–തേനി തുരങ്കപാത ഇടുക്കിയുടെ വികസന മുഖച്ഛായ മാറ്റും: മന്ത്രി റോഷി അഗസ്റ്റിൻ
കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും കുറഞ്ഞ ദൂരം ഉൾക്കൊള്ളുന്ന പ്രധാന പാതയായി കട്ടപ്പന–തേനി തുരങ്കപാത മാറുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പദ്ധതിയുടെ സാദ്ധ്യതാ പഠനത്തിനായി 2026 ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
വയനാട് തുരങ്കപാതയുടെ മാതൃകയിൽ ആവിഷ്കരിക്കുന്ന ഈ പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ വയനാടിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന തുരങ്കപാതയായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി യാഥാർഥ്യമാകുന്നതോടെ മലയോര മേഖലയിലെ നിലവിലുള്ള റോഡുകളിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ സാധിക്കും. വളവും തിരിവുമുള്ള അപകടസാദ്ധ്യത കൂടുതലുള്ള മേഖലകൾ ഒഴിവാക്കി കൂടുതൽ സുരക്ഷിതമായ യാത്രയും ഇതിലൂടെ ഉറപ്പാക്കാനാകും.
ശബരിമല ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് കൂടുതൽ സുഗമമായി എത്തിച്ചേരാൻ ഈ പാത സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം സംസ്ഥാനാന്തര ചരക്ക് ഗതാഗത ചെലവ് കുറയ്ക്കാനും പദ്ധതി ഉപകാരപ്പെടും. ഇടുക്കി ജില്ലയിലെ കാർഷിക, ആരോഗ്യ, ടൂറിസം മേഖലകളിൽ വലിയ മുന്നേറ്റത്തിന് ബജറ്റിലെ പ്രഖ്യാപനങ്ങൾ വഴിയൊരുക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.





