ഇടുക്കിക്ക് കൂടുതൽ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബഡ്ജറ്റ്; പ്രതീക്ഷയും നിരാശയും ഒരുമിച്ച്

ഇടുക്കിക്ക് കൂടുതൽ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബഡ്ജറ്റ്; പ്രതീക്ഷയും നിരാശയും ഒരുമിച്ച്

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ഇടുക്കി ജില്ലയ്ക്കായി പതിവിലേറെ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിലയിരുത്തൽ. ജില്ലയ്ക്ക് കൂടുതൽ പരിഗണന ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും, കാർഷിക–ടൂറിസം–ആരോഗ്യ മേഖലകളുടെ സമഗ്ര വികസനത്തിനായി പ്രതീക്ഷിച്ച നിരവധി പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടാത്തത് നിരാശാജനകമാണെന്നും അഭിപ്രായമുയരുന്നു.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന മുതൽ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്കപാത സംബന്ധിച്ച സാദ്ധ്യതാ പഠനത്തിന് 10 കോടി രൂപ വകയിരുത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഏകദേശം 20 കിലോമീറ്റർ യാത്രാദൂരം ലാഭിക്കാനാകും.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പനയെ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച പ്രത്യേക വികസന പാക്കേജിൽ 5 കോടി രൂപ അധികമായി അനുവദിച്ച് വിഹിതം 80 കോടി രൂപയായി ഉയർത്തി.

തോട്ടം മേഖലയിലെ തൊഴിലാളികൾക്കായി വീടുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി 5 കോടി രൂപ ബഡ്ജറ്റ് വിഹിതമായും 10 കോടി രൂപ അധികമായി കൂടി വകയിരുത്തി. കിൻഫ്ര മുഖേന ചെറുതോണിയിൽ മിനി ഭക്ഷ്യ പാർക്ക് സ്ഥാപിക്കാൻ 4 കോടി രൂപയും ദേവികുളം നാഷണൽ അഡ്വഞ്ചർ അക്കാദമി നിർമ്മാണത്തിന് 8 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി പൊൻകുന്നം–തൊടുപുഴ റോഡ്, വട്ടവട–ടോപ്പ് സ്റ്റേഷൻ–മൂന്നാർ റോഡ്, ചെമ്മണ്ണാർ–ഗ്യാപ് റോഡ്, പൈനാവ്–താന്നിക്കണ്ടം–അശോക കവല റോഡ് തുടങ്ങിയ റോഡുകളുടെ വികസനത്തിനും തുക നീക്കിവെച്ചിട്ടുണ്ട്. ഇടുക്കി ബസ് സ്റ്റാൻഡ് ആധുനിക നിലവാരത്തിൽ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

ആരോഗ്യ മേഖലയിൽ ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാൻ 14.2 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളേജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപയും ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി 22 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും ഗോത്ര മേഖലകളിലെ ആശുപത്രികളുടെ വികസനത്തിനും തുക നീക്കിവെച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രഖ്യാപിച്ച പൊതുപദ്ധതികളും ജില്ലയ്ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ 100 കോടി രൂപ അനുവദിച്ചത് ഇടുക്കിക്ക് ഗുണകരമാകും.

അതേസമയം ശബരി റെയിൽ പാതയ്ക്ക് സംസ്ഥാന വിഹിതം പ്രഖ്യാപിക്കാത്തതും, ജില്ലയിലെ നിർമ്മാണ ക്രമവത്കരണത്തിന് ഫീസ് ഒഴിവാക്കാത്തതും പ്രധാന വീഴ്ചകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജപ്തി നടപടി നേരിടുന്ന കർഷകരെ സഹായിക്കുന്നതിനും കർഷക ആത്മഹത്യ തടയുന്നതിനുള്ള പ്രത്യേക പദ്ധതികൾക്കും ബഡ്ജറ്റിൽ ഇടമില്ലെന്ന വിമർശനവും ഉയരുന്നു. ഇടുക്കി പാക്കേജിന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു.

ഇടുക്കി മെഡിക്കൽ കോളേജിനും കോന്നി, വയനാട്, കാസർഗോഡ് എന്നിവയ്ക്കൊപ്പം 57.09 കോടി രൂപ അനുവദിച്ചതായും, ഉടുമ്പൻചോലയിലെ പുതിയ സർക്കാർ ആയുർവേദ കോളേജിന് 1.50 കോടി രൂപ വകയിരുത്തിയതായും ബഡ്ജറ്റിൽ വ്യക്തമാക്കുന്നു.