ചിക്കൻപോക്സ് പടരുന്നു: ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം

ചിക്കൻപോക്സ് പടരുന്നു: ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം

ജില്ലയിൽ ചിക്കൻപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകാൻ 10 മുതൽ 21 ദിവസം വരെ സമയമെടുക്കും. ശരീരത്തിൽ കുമിളകൾ പൊങ്ങുന്നതിന് രണ്ട് ദിവസം മുൻപും കുമിളകൾ ഉണങ്ങി രണ്ട് ദിവസം വരെയും രോഗം പകരാൻ സാധ്യതയുണ്ട്.

മുഖം, ഉദരം, നെഞ്ച്, കൈകാലുകൾ തുടങ്ങിയ ഭാഗങ്ങളിൽ തടിപ്പുകളായി തുടങ്ങി വെള്ളം നിറഞ്ഞ കുമിളകൾ രൂപപ്പെടും. നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ പൊറ്റയാകുകയോ ചെയ്യാം. ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ദീർഘകാലമായി ശ്വാസംമുട്ട് അല്ലെങ്കിൽ ത്വക്ക് രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കു രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

രോഗബാധിതർ വായുസഞ്ചാരമുള്ള മുറിയിൽ പൂർണ്ണ വിശ്രമം എടുക്കണം. ധാരാളം വെള്ളം കുടിക്കണം, പഴവർഗങ്ങൾ കഴിക്കാം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും വസ്തുക്കളും പങ്കിടരുത്; ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. ചൊറിച്ചിലിന് കലാമിൻ ലോഷൻ ഉപയോഗിക്കാം.

കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണികൊണ്ട് ഒപ്പിയെടുക്കണം. മുതിർന്നവർക്ക് ചൊറിച്ചിൽ കുറയ്ക്കാൻ സാധാരണ വെള്ളത്തിൽ കുളിക്കാം. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് പതിവായി കഴുകണം. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ നിർത്തരുതെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.