ഷോപ്പ് സൈറ്റുകൾക്ക് പട്ടയം: സർക്കാർ ജനങ്ങളെ കബളിപ്പിച്ചു – ബിജോ മാണി
ഇടുക്കി:ജില്ലയിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിനും എൽഡിഎഫ് നേതാക്കളും ഇടുക്കിക്കാരെ കബളിപ്പിച്ചെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, ഒക്ടോബർ 15ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ തീരുമാനിച്ചുവെന്നായിരുന്നു സർക്കാർ പ്രചാരണം. എന്നാൽ, ഇത് വെറും തിരഞ്ഞെടുപ്പ് നാടകമായിരുന്നെന്ന് ഫെബ്രുവരി 4ന് റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ്.
വാണിജ്യ ആവശ്യങ്ങൾക്കും ഏലം കൃഷിക്കും പട്ടയം അനുവദിക്കാനാവില്ലെന്ന നിലപാടാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കട്ടപ്പനയടക്കമുള്ള ജില്ലയിലെ ഷോപ്പ് സൈറ്റുകൾക്കും ഏലം കൃഷി നടത്തുന്നവർക്കും ഈ സർക്കാർ പട്ടയം നൽകില്ലെന്ന് വ്യക്തമായി. ലാൻഡ് റജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി മേഖലകളിലും ഇനി പട്ടയം ലഭിക്കില്ലെന്നും ബിജോ മാണി പറഞ്ഞു.
പരസ്പരവിരുദ്ധ ഉത്തരവുകൾ
കഴിഞ്ഞ അഞ്ച് മാസത്തിനിടെ പട്ടയവിതരണവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് മൂന്ന് ഉത്തരവുകളാണ് പുറത്തിറക്കിയത്. ഓരോ ഉത്തരവിലും പരസ്പരവിരുദ്ധമായ നിലപാടുകളാണ് ഉള്ളത്.
ഒക്ടോബർ 18ന് പുറത്തിറക്കിയ ഉത്തരവിൽ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പുതിയ ഉത്തരവിൽ വാണിജ്യ ആവശ്യങ്ങൾക്ക് പട്ടയം നൽകാനാവില്ലെന്ന് വ്യക്തമാക്കുന്നു.
ജനുവരി 3ലെ ഉത്തരവിൽ സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ നിന്ന് പട്ടയ അപേക്ഷ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിഎച്ച്ആർ മേഖലയെ ഒഴിവാക്കി. ഫെബ്രുവരി 4ലെ ഉത്തരവിലും സിഎച്ച്ആർ മേഖലയിൽ നിന്ന് അപേക്ഷ സ്വീകരിക്കാനുള്ള നടപടി ഇല്ല.
സർക്കാരിന്റെ മലയോര പട്ടയ വിവരശേഖരണം അനുസരിച്ച് ജില്ലയിൽ 1993 റൂൾ പ്രകാരം 26,000 പേർ പട്ടയത്തിന് അർഹരാണ്. ഇതിൽ 13,000 പേർ സിഎച്ച്ആർ മേഖലയിലാണെന്നും ബാക്കി അപേക്ഷകർ വനം–റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്ത വില്ലേജുകളിലാണെന്നും ബിജോ മാണി ചൂണ്ടിക്കാട്ടി. നിലവിലെ ഉത്തരവുകൾ പ്രകാരം ഇവർക്കെല്ലാം പട്ടയം ലഭിക്കില്ല.
പരിഹാരത്തിന് സർക്കാർ തയ്യാറാകണം
ജില്ലയിലെ പട്ടയവിതരണത്തിന് തടസ്സമായ വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ബിജോ മാണി ആരോപിച്ചു. സിഎച്ച്ആർ മേഖലയിലെ പട്ടയവിതരണം തടഞ്ഞ സുപ്രീം കോടതി ഉത്തരവും 1964ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയവിതരണം തടഞ്ഞ ഹൈക്കോടതി ഉത്തരവും പുനഃപരിശോധിക്കാൻ സർക്കാർ നടപടിയെടുക്കണം. അതിനാവശ്യമായ കൃത്യമായ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
10 ചെയിൻ, 3 ചെയിൻ മേഖലകളിലെ പട്ടയവിതരണത്തിന് വൈദ്യുതി വകുപ്പിന്റെ അനുമതി നേടൽ, സംയുക്ത പരിശോധന നടത്താത്ത വില്ലേജുകളിൽ പരിശോധന പൂർത്തിയാക്കൽ, തെറ്റായ ലാൻഡ് രജിസ്റ്റർ രേഖകൾ തിരുത്തൽ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ തീരുമാനം കൈക്കൊള്ളണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ ഇറക്കി ജനങ്ങളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും പങ്കെടുത്തു.





