കാട്ടുതീ ഭീഷണിയില്‍ ഹൈറേഞ്ച്
ഇടുക്കി: കടുത്ത വേനലും വേനല്‍മഴയുടെ അഭാവവും മൂലം കാടുകളും പുല്ലുമേഖലകളും ഉണങ്ങി കരിഞ്ഞതോടെ ഹൈറേഞ്ച് മേഖല കാട്ടുതീ ഭീതിയിലാണ്. ശക്തമായ കാറ്റും കൂടിയായതോടെ തീപിടുത്തങ്ങള്‍ വ്യാപകമാകാന്‍ അനുകൂല സാഹചര്യം രൂപപ്പെടുകയാണ്.
വനാതിര്‍ത്തികളിലും കുന്നുകളുടെ താഴ്‍വാരങ്ങളിലുമായി അഗ്നിരക്ഷാസേന ഫയര്‍ലൈന്‍ തെളിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും, പല പ്രദേശങ്ങളിലും കാട്ടുതീ വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കരിമ്പന്‍, തടിയമ്പാട്, വാഴത്തോപ്പ് തുടങ്ങിയ മേഖലകളില്‍ ഏക്കര്‍ കണക്കിന് കൃഷിഭൂമിയും സര്‍ക്കാര്‍ ഭൂമിയും കത്തിനശിച്ചു. വാഴത്തോപ്പ് ഭാഗത്തേക്ക് വ്യാപിച്ച തീ ഇടുക്കി അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് നിയന്ത്രിക്കാനായി.
കഞ്ഞിക്കുഴി മാക്കുപാറയില്‍ പുരയിടങ്ങളിലും ചേലച്ചുവട് കട്ടിങ്ങ് പ്രദേശങ്ങളിലും തീപിടുത്തമുണ്ടായി. സാധാരണയായി ഓരോ അഗ്നിരക്ഷാനിലയങ്ങളിലും രണ്ട് ഫയര്‍ എന്‍ജിനുകളില്‍ കൂടുതല്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍, ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ തീപിടുത്തങ്ങള്‍ അഗ്നിരക്ഷാസേനയെ കടുത്ത സമ്മര്‍ദത്തിലാക്കി.
ഹൈറേഞ്ചിലെ മലനിരകളില്‍ സ്വാഭാവിക കാരണങ്ങളാല്‍ കാട്ടുതീ ഉണ്ടാകുന്നത് അപൂര്‍വമാണെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. പലപ്പോഴും പുരയിടങ്ങളില്‍ പച്ചുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണ് തീപിടുത്തങ്ങള്‍ക്ക് കാരണമാകുന്നത്. തീ പൂർണമായും അണയുന്നതിന് മുമ്പ് ആളുകള്‍ സ്ഥലത്തു നിന്ന് മടങ്ങുന്നതും, പിന്നീട് ശക്തമായ കാറ്റില്‍ കനലുകള്‍ വീണ്ടും ആളിക്കത്തുന്നതുമാണ് അപകടം വര്‍ധിപ്പിക്കുന്നത്.
ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ച ശേഷം വെള്ളമൊഴിച്ച് പൂര്‍ണമായും അണഞ്ഞെന്ന് ഉറപ്പാക്കണമെന്നും, ഉച്ചസമയങ്ങളില്‍ തീയിടല്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അഗ്നിരക്ഷാസേന മുന്നറിയിപ്പ് നല്‍കി. വലിയ തോട്ടങ്ങളില്‍ തോട്ടം ഉടമകള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ രണ്ട് മീറ്റര്‍ വീതിയില്‍ ഫയര്‍ലൈന്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.
തീപിടുത്തം പതിവായി ഉണ്ടാകുന്ന പഞ്ചായത്തുകള്‍ അഗ്നിരക്ഷാസേനയുമായി മുന്‍കൂട്ടി ബന്ധപ്പെടുകയാണെങ്കില്‍ ആവശ്യമായ നിര്‍ദേശങ്ങളും സഹായവും ലഭ്യമാക്കാന്‍ സേന സന്നദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു. വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചാല്‍ ഉണങ്ങിയ പുല്ലിന് തീപിടിച്ച് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നും, ഫയര്‍ലൈന്‍ ഒരുക്കുന്നത് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായകരമാണെന്നും അഗ്നിരക്ഷാസേന വ്യക്തമാക്കി.






