ഇടുക്കി അസാധാരണമായ വരൾച്ചയിലേക്ക് ഏലം മേഖലയ്ക്ക് കനത്ത തിരിച്ചടി
സ്പെഷ്യൽ റിപ്പോർട്ട്
കട്ടപ്പന:-
അസാധാരണമായ വരൾച്ചയിലേക്ക് നീങ്ങുകയാണ് ഇടുക്കി.
വേനൽ ആരംഭിച്ച ഘട്ടത്തിൽ തന്നെ അനുഭവപ്പെടുന്ന അത്യധിക ചൂടും, സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് ഇൻഡക്സ് രേഖപ്പെടുത്തിയ സാഹചര്യവും, ജില്ലയിലെ കാർഷിക മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കുകൾ പ്രകാരം, ഇടുക്കി ജില്ലയിൽ UV ഇൻഡക്സ് 7 വരെ ഉയർന്നിട്ടുണ്ട്.ഇത് “മഞ്ഞ അലർട്ട്” വിഭാഗത്തിൽപ്പെടുന്ന ഉയർന്ന അപകടസാധ്യതയുള്ള അവസ്ഥയാണ്.നേരിട്ട്സൂര്യപ്രകാശത്തിൽ ദീർഘസമയം തുടരുന്നത് മനുഷ്യർക്കും, അതിലുപരി വിളകൾക്കും ഗുരുതരമായ ദോഷം ഉണ്ടാക്കുന്ന സാഹചര്യമാണുള്ളത്.വേനൽ ശക്തമാകുന്നതിന് മുൻപേ തന്നെ മഴയിൽ വലിയ കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ജനുവരി മുതൽ ഫെബ്രുവരി വരെ ലഭിക്കേണ്ട മഴയുടെ വലിയൊരു പങ്കും ലഭിക്കാത്തത്, മണ്ണിലെ ഈർപ്പനില ഗണ്യമായി കുറയാൻ കാരണമായി.ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ജില്ലയിലെ പ്രധാന ഉപജീവന മാർഗമായ ഏല കൃഷിയെയാണ്.ഇടുക്കിയിലെ ഭൂരിഭാഗം കർഷകരും ഏലത്തെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്.എന്നാൽ, വരൾച്ചയും അമിതചൂടും വർദ്ധിച്ചതോടെ ഏലച്ചെടികൾ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, ജില്ലയിലെ ആയിരക്കണക്കിന് ഹെക്ടർ ഏലം തോട്ടങ്ങളിൽ ഉൽപ്പാദനം 50 മുതൽ 60 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.കഴിഞ്ഞ വരൾച്ചകാലത്ത് മാത്രം, ഇടുക്കി ജില്ലയിൽ 30,000 ഹെക്ടറിലധികം കൃഷിഭൂമിക്ക് നാശം സംഭവിച്ചതായും,നൂറുകണക്കിന് കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് കാർഷിക മേഖലയ്ക്കുണ്ടായതെന്നും സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.ഇതേ സാഹചര്യം, കൂടുതൽ തീവൃമായി ഈ വർഷവും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.ഏലത്തിനൊപ്പം, കാപ്പി, കുരുമുളക്, മറ്റ് തോട്ടവിളകൾ എന്നിവയും വരൾച്ചയുടെ പ്രത്യാഘാതം നേരിടുകയാണ്.ജലസ്രോതസ്സുകൾ വറ്റി വരളുന്നതോടെ വിളകൾ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് പല കർഷകരും എത്തിച്ചേരുന്നത്.ഇപ്പോൾ അനുഭവപ്പെടുന്ന ഈ ചൂട്,ഒരു സാധാരണ വേനലല്ല…കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പാണെന്നാണ്കാർഷിക വിദഗ്ധരുടെ അഭിപ്രായം.വരൾച്ച നേരിടാൻ ദീർഘകാല പദ്ധതികളും,കർഷകർക്ക് സമയബന്ധിതമായ നഷ്ടപരിഹാരവും,കൃഷി ഇൻഷുറൻസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ തയ്യാറായില്ലേങ്കിൽഇടുക്കിയിലെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുക.വേനൽ ഇനിയും ശക്തമാകാനിരിക്കെ,ഇടുക്കിയുടെ മണ്ണും കർഷകരുടെയും ജീവിതവും സംരക്ഷിക്കാൻ അടിയന്തര ഇടപെടലുകൾ അനിവാര്യമാണ്.






