ദേശീയ പണിമുടക്ക്: ജില്ലയിലെ മുഴുവൻ തൊഴിലാളികളും അണിനിരക്കും
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹവും തൊഴിലാളി വിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ നടത്തുന്ന ദേശീയ പണിമുടക്കില്‍ ജില്ലയിലെ വ്യവസായ, കാർഷിക, വ്യാപാര മേഖലകളിലെ മുഴുവൻ തൊഴിലാളികളും അണിനിരക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചു.
പണിമുടക്കിന് മുന്നോടിയായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ അഭിവാദ്യ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് പ്രധാന ടൗണുകളിലും കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.
ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ:
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക
സിവിൽ സർവീസിനെ ദുർബലപ്പെടുത്തുന്ന കേന്ദ്രനയം തിരുത്തുക
പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക
ദേശീയ വിദ്യാഭ്യാസ നയം (NEP) പിൻവലിക്കുക; പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക
ഫെഡറൽ സംവിധാനത്തെ ബാധിക്കുന്ന നയങ്ങൾ തിരുത്തുക
കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക
വൈദ്യുതി, വിത്ത് ബില്ലുകൾ പിൻവലിക്കുക
ഓട്ടോ-ടാക്സി തൊഴിലാളികൾ, ഷോപ്പ് എംപ്ലോയീസ്, ഫിഷറീസ് തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, പ്രസ് ജീവനക്കാർ, സ്‌കീം വർക്കർമാർ തുടങ്ങി മുഴുവൻ തൊഴിൽ മേഖലകളും പണിമുടക്കിൽ പങ്കാളികളാകുമെന്ന് നേതാക്കൾ അറിയിച്ചു.
സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം വി.ആർ. സജി, കട്ടപ്പന ഏരിയ സെക്രട്ടറി എം.സി. ബിജു, എ.ഐ.ടി.യുസി ജില്ലാ കൗൺസിൽ അംഗം സി.എസ്. അജേഷ്, കെ.എൻ. കുമാരൻ എന്നിവർ പണിമുടക്കിന് വിജയാശംസകൾ നേർന്നു.






