ഉടുമ്പന്‍ചോല–ചിത്തിരപുരം, എല്ലക്കല്‍–ടീ കമ്പനി റോഡുകള്‍ ജനങ്ങൾക്ക് സമർപ്പിച്ചു
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു
ഇടുക്കി: ജില്ലയില്‍ കിഫ്ബി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഉടുമ്പന്‍ചോല–ചിത്തിരപുരം റോഡിന്റെയും എല്ലക്കല്‍–ടീ കമ്പനി റോഡിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് 800 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 30 റോഡുകളും 6 പാലങ്ങളും ഉള്‍പ്പെട്ട സമഗ്ര ഉദ്ഘാടനം പരിപാടിയിലായിരുന്നു ഇക്കാര്യം.
സംസ്ഥാനം പ്രതിസന്ധികളെ അതിജീവിച്ചത് ജനങ്ങളുടെ ഐക്യവും ഒരുമയും കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച റോഡുകള്‍, പാലങ്ങള്‍, ഹൈടെക് സ്കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ നാടിനോടും സാധാരണക്കാരോടുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
ചെമ്മണ്ണാറില്‍ നടന്ന ഉടുമ്പന്‍ചോല–ചിത്തിരപുരം റോഡിന്റെ പ്രാദേശിക ഉദ്ഘാടന യോഗത്തില്‍ എം.എം. മണി എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ടീ കമ്പനിയില്‍ നടന്ന എല്ലക്കല്‍–ടീ കമ്പനി റോഡിന്റെ പ്രാദേശിക ഉദ്ഘാടനത്തില്‍ എ. രാജ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഉടുമ്പന്‍ചോല–ചിത്തിരപുരം റോഡ്
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 178.24 കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച 38.40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും അഞ്ച് പാലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി മുന്‍ഗണന നല്‍കിയിരിക്കുന്നത്.
ഉടുമ്പന്‍ചോലയില്‍ നിന്ന് ആരംഭിച്ച് ചെമ്മണ്ണാര്‍, മാങ്ങാത്തൊട്ടി, നടുമറ്റം, എന്‍.ആര്‍. സിറ്റി, പുന്ന സിറ്റി, രാജാക്കാട്, മുല്ലക്കാനം, കൊച്ചുപ്പ്, നാല്‍പ്പതേക്കര്‍, പൊട്ടന്‍കാട്, ദേശിയം, പവര്‍ഹൗസ്, ചിത്തിരപുരം എന്നീ പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഉടുമ്പന്‍ചോല, സേനാപതി, രാജകുമാരി, രാജാക്കാട്, ബൈസണ്‍വാലി, പള്ളിവാസല്‍ പഞ്ചായത്തുകള്‍ക്ക് വലിയ അടിസ്ഥാന സൗകര്യ വികസനമാണ് ഇതിലൂടെ ലഭ്യമാകുന്നത്.
7 മീറ്റര്‍ ക്യാരേജ് വേ, ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഷോള്‍ഡര്‍, ഡ്രെയിന്‍, സംരക്ഷണഭിത്തി, ക്രോസ് ഡ്രെയിനേജ് സൗകര്യങ്ങള്‍ എന്നിവയോടെയാണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. നാല്‍പ്പതേക്കര്‍, വെറ്റിനറി ആശുപത്രി, ചപ്പാത്ത്, മാങ്ങാത്തൊട്ടി, ദേശീയം എന്നിവിടങ്ങളിലാണ് പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ഷികവും ടൂറിസവും ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഈ പദ്ധതി ഉണര്‍വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലക്കല്‍–ടീ കമ്പനി റോഡ്
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ 8.3 കോടി രൂപ ചെലവില്‍ ശബരിമല ഫെസ്റ്റിവല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലക്കല്‍–ടീ കമ്പനി റോഡ് പുനര്‍നിര്‍മ്മിച്ചു. 4.5 മുതല്‍ 5.5 മീറ്റര്‍ വരെ വീതിയുള്ള ക്യാരേജ് വേ ബി.എം & ബി.സി നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ആവശ്യമായ ഇടങ്ങളില്‍ കോണ്‍ക്രീറ്റ്, ഇന്റര്‍ലോക്ക് ടൈല്‍, സംരക്ഷണഭിത്തി, ഇരുവശങ്ങളിലും ഐറിഷ് ഓട്, അപകട വളവുകളില്‍ ക്രാഷ് ബാരിയര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ആധുനിക നിലവാരത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ചെമ്മണ്ണാറില്‍ നടന്ന യോഗത്തില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്കര്‍, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ അശോകന്‍, ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബീന ബിജു, ഗ്രാമപഞ്ചായത്തംഗം ആന്റോ തോമസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.എന്‍. മോഹനന്‍, എന്‍.പി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ടീ കമ്പനിയില്‍ നടന്ന യോഗത്തില്‍ ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലുമോള്‍ സാബു, ജില്ലാ പഞ്ചായത്തംഗം ശങ്കര്‍കുമാര്‍.ജി, ത്രിതല പഞ്ചായത്തംഗങ്ങളായ രാജമ്മ രാധാകൃഷ്ണന്‍, ബിന്‍സി ആല്‍ബി, ഓമന ഉണ്ണികൃഷ്ണന്‍, ബിന്ദു സനല്‍കുമാര്‍, ബാലസുബ്രഹ്മണ്യം എന്നിവര്‍ സന്നിഹിതരായി.






