വില ഉയരുമ്പോഴും ഏലക്കൃഷി പ്രതിസന്ധിയിൽ; രോഗവും തൊഴിലാളി ക്ഷാമവും കർഷകർക്ക് തലവേദന

വില ഉയരുമ്പോഴും ഏലക്കൃഷി പ്രതിസന്ധിയിൽ; രോഗവും തൊഴിലാളി ക്ഷാമവും കർഷകർക്ക് തലവേദന

വിപണിയില്‍ ഏലക്കായ്ക്ക് ഭേദപ്പെട്ട വില ലഭിച്ചിട്ടും കാലാവസ്ഥ വ്യതിയാനവും ചെടികളിലെ രോഗബാധയും തൊഴിലാളി ക്ഷാമവും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകുന്നു.

നിലവില്‍ കിലോയ്ക്ക് 2400–2500 രൂപ വരെ ശരാശരി വില ലഭിക്കുന്നുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉല്‍പാദനം ഭേദപ്പെട്ടതോതില്‍ ഉണ്ടെങ്കിലും സ്ഥിരമായി തൊഴിലാളികളെ ലഭിക്കാത്തത് വിളവെടുപ്പിനെയും പരിപാലന ജോലികളെയും പ്രതികൂലമായി ബാധിച്ചു.

ഇതിനിടെ വേനല്‍ ശക്തമായതോടെ ജലസ്രോതസുകളില്‍ നീരൊഴുക്ക് കുറഞ്ഞു. ഇതോടെ ജലസേചനം തകരാറിലായി. പല പ്രദേശങ്ങളിലും ചെടികള്‍ കരിഞ്ഞുണങ്ങി നശിച്ചതായും കര്‍ഷകര്‍ പറയുന്നു. ജലലഭ്യത കുറവായതിനാല്‍ സ്പ്രിങ്ക്ളര്‍ സംവിധാനവും ഫലപ്രദമായി ഉപയോഗിക്കാനാകുന്നില്ല.

പോള പൊളിച്ചില്‍ പോലുള്ള രോഗബാധയാണ് മറ്റൊരു വലിയ വെല്ലുവിളി. ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമല്ലാത്തതിനാല്‍ രോഗബാധിത ചെടികള്‍ നശിപ്പിക്കേണ്ടിവരുന്നത് കര്‍ഷകരുടെ നഷ്ടം വര്‍ധിപ്പിക്കുന്നു.