വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 23ന് ജില്ലയിൽ സ്വീകരണം നൽകും
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 23ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു.
രാവിലെ 10ന് അടിമാലി, 11.30ന് നെടുങ്കണ്ടം, ഉച്ചകഴിഞ്ഞ് 2.30ന് കുമളി, വൈകുന്നേരം 4.30ന് ചെറുതോണി, 6.30ന് തൊടുപുഴ എന്നിവിടങ്ങളിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. യുഡിഎഫ് സംസ്ഥാന-ജില്ലാ നേതാക്കൾ പ്രസംഗിക്കും.
ശബരിമല സ്വർണക്കൊള്ള, സർക്കാർ അഴിമതി, സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥത തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സർക്കാർ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് നവകേരള സർവേ നടത്താനുള്ള തീരുമാനം കോടതി റദ്ദാക്കിയതും എൽഡിഎഫ് സർക്കാരിന് തിരിച്ചടിയായെന്നും അവർ ആരോപിച്ചു.
രക്തസാക്ഷി ഫണ്ടിലെ ക്രമക്കേട്, ആശാവർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും അവഗണിക്കൽ, ജില്ലയിലെ ഭൂപ്രശ്നങ്ങളിലെ വീഴ്ച എന്നിവയും നേതാക്കൾ വിമർശിച്ചു. അയ്യപ്പ സംഗമത്തിനായി കോടികൾ ചെലവഴിച്ചതും ചൂണ്ടിക്കാട്ടി.
1964ലെ പട്ടയഭൂമിയിൽ കെട്ടിടനിർമാണത്തിന് ഇടുക്കിയിൽ മാത്രം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് അനീതിയാണെന്നും, നേര്യമംഗലം–വാളറ റോഡിന്റെ നിർമാണത്തിൽ തടസം സൃഷ്ടിക്കുന്നത് ജനദ്രോഹമാണെന്നും നേതാക്കൾ ആരോപിച്ചു.






