ഒട്ടകത്തലമേട്ടിൽ ഇനി ഒട്ടക സവാരി; സഞ്ചാരികളുടെ പുതിയ ആകർഷണം

ഒട്ടകത്തലമേട്ടിൽ ഇനി ഒട്ടക സവാരി; സഞ്ചാരികളുടെ പുതിയ ആകർഷണം

കുമളി: തേക്കടി കഴിഞ്ഞാൽ പ്രകൃതി രമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിലൊന്നായ ഒട്ടകത്തലമേട് ഇപ്പോൾ പേരിനോട് നീതി പുലർത്തുന്ന പ്രത്യേക ആകർഷണവുമായി ശ്രദ്ധേയമാകുന്നു. കുമളി ടൗണിൽ നിന്ന് അഞ്ച് കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിലുള്ള ഈ മലമുകളിൽ ഇനി സഞ്ചാരികൾക്ക് ഒട്ടക സവാരിയും ലഭ്യമാണ്.

ചക്കുപ്പള്ളം സ്വദേശിയായ റോബിൻ വരയന്നൂരാണ് ഒട്ടകത്തലമേട്ടിൽ സഞ്ചാരികൾക്കായി ഒട്ടക സവാരി ആരംഭിച്ചത്. ഹരിയാനയിൽ നിന്ന് ഒരു വർഷം മുമ്പ് നാലര വയസുള്ള ‘റോഷൻ’ എന്ന ഒട്ടകത്തെ കുമളിയിലെത്തിക്കുകയായിരുന്നു. പ്രദേശത്തിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ഒട്ടകത്തിന് ഏകദേശം ആറുമാസത്തോളം സമയം വേണ്ടിവന്നെങ്കിലും ഇപ്പോൾ സഞ്ചാരികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

250 രൂപ നൽകി ഒട്ടകപ്പുറത്ത് കയറി ഒട്ടകത്തലമേട് ചുറ്റിക്കാണാൻ അവസരമുണ്ട്. ഇതോടൊപ്പം റോബിൻ കുതിര സവാരിയും ഒരുക്കിയിട്ടുണ്ട്. രണ്ട് വയസുള്ള ‘സാറ’ എന്ന കുതിരപ്പുറത്ത് സവാരി ചെയ്യാൻ 100 രൂപയാണ് ഈടാക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഒട്ടകവും കുതിരയും തന്റെ സ്വന്തം മക്കളെപ്പോലെയാണെന്ന് റോബിൻ പറയുന്നു. വീട്ടിലെ ഭക്ഷണങ്ങളായ ഇഡലി, ദോശ, മീൻകറി തുടങ്ങിയവ പോലും ഇവയ്ക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. ഒട്ടകവും കുതിരയും കൂടാതെ പശുവും ആടുകളും റോബിൻ വളർത്തുന്നുണ്ട്.

വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഒട്ടക സവാരി ജില്ലയിൽ നിലവിൽ കുമളിയിൽ മാത്രമാണുള്ളത്. സിനിമാ ഷൂട്ടിംഗ്, പള്ളി പെരുന്നാൾ, ഫോട്ടോഷൂട്ട് തുടങ്ങിയ പരിപാടികൾക്കായി ഒട്ടകത്തെ വാടകയ്ക്ക് നൽകാറുണ്ട്. ഏകദേശം രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് ഹരിയാനയിൽ നിന്ന് ഒട്ടകത്തെ വാഹനമാർഗം കുമളിയിലെത്തിച്ചത്. ഭാവിയിൽ ഒരു ആനയെ സ്വന്തമാക്കണമെന്നതാണ് മൃഗസ്നേഹിയായ റോബിന്റെ സ്വപ്നം.