സംസ്ഥാന ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഷ്വേർഡ് പെൻഷൻ സ്കീം സർക്കാർ ഉത്തരവായി. നാഷണൽ പെൻഷൻ സ്കീമിന് പകരമായി അഷ്വേർഡ് പെൻഷൻ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി K. N. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 2026 ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നതായി ഉത്തരവിറക്കിയത്.
2026 ഏപ്രിൽ 1 മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ സ്കീമോ നാഷണൽ പെൻഷൻ സ്കീമോ തെരഞ്ഞെടുക്കാം. നിലവിൽ നാഷണൽ പെൻഷൻ സ്കീമിൽ ഉൾപ്പെട്ട ജീവനക്കാർക്കും അഷ്വേർഡ് പെൻഷൻ സ്കീം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും.
വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേർഡ് പെൻഷൻ സ്കീമിലെ പരമാവധി പെൻഷൻ. സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയിൽ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുക. ക്ഷാമാശ്വാസവും (ഡി.ആർ) ഇതോടൊപ്പം ലഭിക്കും. പരമാവധി പെൻഷൻ ലഭിക്കാൻ 30 വർഷത്തെ സേവനം നിർബന്ധമാണ്.
പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന വിശദ ഉത്തരവുകൾ പിന്നീട് പ്രത്യേകമായി പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.





