ടൂറിസം, കാർഷികം, ആരോഗ്യം മേഖലകൾക്ക് മുൻഗണന; ഇരട്ടയാർ പഞ്ചായത്തിൽ കരട് ബജറ്റ് അവതരിപ്പിച്ചു
ഇരട്ടയാർ: ഇരട്ടയാർ ഡാം സൈറ്റ്, അടയാളക്കല്ല് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൂറിസം വികസനവും ആരോഗ്യ, കാർഷിക മേഖലകളുടെ ഉന്നമനവും ലക്ഷ്യമിട്ട് ഇരട്ടയാർ പഞ്ചായത്തിന്റെ കരട് ബജറ്റ് അവതരിപ്പിച്ചു.
30.4 കോടി രൂപ വരവും 28.38 കോടി രൂപ ചെലവും 1.66 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അവതരിപ്പിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഇരട്ടയാർ പഞ്ചായത്ത് ജലലഭ്യതയിൽ സെമി ക്രിറ്റിക്കൽ സോണിലാണ്. ഇത് പരിഹരിക്കുന്നതിനായി ഭൂജല വകുപ്പുമായി സഹകരിച്ച് കിണർ റീചാർജിംഗ് പദ്ധതി സമഗ്രമായി നടപ്പിലാക്കും.
വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം മുൻനിർത്തിയുള്ള നൂതന പദ്ധതികൾ ബജറ്റിന്റെ ഭാഗമായി നടപ്പിലാക്കും. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ‘ഹോപ്പ് ബ്രിഡ്ജ്’ പദ്ധതി ഈ വർഷം ആരംഭിക്കും. വനിതാ ഘടക പദ്ധതികളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ജൻഡർ റിസോഴ്‌സ് സെന്റർ രൂപീകരിക്കും.
അഭ്യസ്തവിദ്യരായ വനിതകൾക്ക് തൊഴിൽ പരിശീലനം, നൈപുണ്യ വികസനം, പ്രത്യേക സ്വയംതൊഴിൽ പദ്ധതികൾ എന്നിവ കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്നതിനും ബജറ്റിൽ വകയിരുത്തൽ ഉണ്ട്. കാർഷിക മേഖലയിലെ ഉൽപാദന വർധനവ് ലക്ഷ്യമിട്ട പദ്ധതികൾ ഈ വർഷവും കലണ്ടർ പ്രകാരം നടപ്പിലാക്കും.
കൃഷിഭവനോട് ചേർന്ന് അഗ്രി ക്ലിനിക് ആരംഭിക്കുന്നതിനും സംയോജിത കൃഷി ചെയ്യുന്നവർക്ക് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് സാമ്പത്തിക സഹായം നൽകുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി നൽകുന്ന പദ്ധതിയിൽ എല്ലാ ക്ഷീര കർഷകരെയും ഉൾപ്പെടുത്തും.
ബസ് സ്റ്റാൻഡിന് സമീപം ആധുനിക വാണിജ്യ കെട്ടിട സമുച്ചയം നിർമിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും മാലിന്യ സംസ്‌കരണത്തിനാവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.





