കട്ടപ്പന നഗരസഭ ബജറ്റ് പാസാക്കി; മറുപടി പ്രസംഗത്തെ തുടർന്ന് എൽഡിഎഫ് പ്രതിഷേധം, ചർച്ച ബഹിഷ്കരിച്ചു
കട്ടപ്പന: കട്ടപ്പന നഗരസഭയുടെ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഭരണസമിതി പാസാക്കി. ബജറ്റ് ചർച്ചക്കിടെ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ മറുപടി പ്രസംഗത്തിൽ നടത്തിയ പരാമർശത്തെ തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിലെ ആരോഗ്യരംഗം “വെൻ്റിലേറ്ററിലാണെന്ന്” ചെയർപേഴ്സൺ പറഞ്ഞതിനെതിരെയാണ് എൽഡിഎഫ് അംഗങ്ങൾ ശക്തമായി പ്രതികരിച്ചത്. പരാമർശം പിൻവലിക്കണമെന്നും ചെയർപേഴ്സൺ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. ബഹളത്തിൽ കലാശിച്ചതിനെ തുടർന്ന് ബജറ്റ് ചർച്ച എൽഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു.
കട്ടപ്പനയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന് ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി പറഞ്ഞു. നിർമാണ നിരോധനം കട്ടപ്പനയുടെ വികസനത്തെ പിന്നോട്ടടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടപ്പന താലൂക്ക് ആശുപത്രിയെ ഭരണസമിതി എല്ലായ്പ്പോഴും പരിഗണിച്ചിട്ടുണ്ടെന്നും കൂടുതൽ വികസനത്തിനായി ആശുപത്രിക്കായി 2 ഏക്കർ സ്ഥലം ഏറ്റെടുക്കുമെന്നും അറിയിച്ചു. കൂടാതെ കട്ടപ്പനയിലെ മൂന്ന് വെൽനെസ് സെൻ്ററുകൾക്ക് 1.65 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.
ആരോഗ്യ മേഖലയെ പ്രാധാന്യത്തോടെ പരിഗണിച്ച ബജറ്റാണിതെന്ന് കൗൺസിലർ അഡ്വ. കെ.ജെ. ബെന്നി അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുക്കൽ, ക്ഷീരമേഖല, വനിതാക്ഷേമം, സ്വയംതൊഴിൽ സംരംഭങ്ങൾ, ഷീലോഡ്ജ് തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് കൗൺസിലർ തോമസ് മൈക്കിൾ പറഞ്ഞു. താലൂക്ക് ആശുപത്രി വികസനത്തെ സംസ്ഥാന സർക്കാർ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ബജറ്റ് നിരാശജനകമാണെന്ന് എൽഡിഎഫ് കൗൺസിലർ കെ.പി. സുമോദ് വിമർശിച്ചു. പത്ത് വർഷം മുമ്പ് അവതരിപ്പിച്ച ബജറ്റിലെ നിർദേശങ്ങൾ തന്നെയാണ് വീണ്ടും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നഗരസഭയുടെ തനതു വരുമാനം വർധിപ്പിക്കാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ ഇത്തവണയില്ലെന്നും അദ്ദേഹം ആരോപിച്ചു.
കട്ടപ്പനയുടെ വികസനത്തിന് ആവശ്യമായ പദ്ധതികൾ ബജറ്റിൽ ഇല്ലെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും കൗൺസിലർമാരായ ടി.ജി.എം. രാജു, സി.ആർ. മുരളി, ഷാജി കൂത്തോടിയിൽ, ബേബി കുര്യൻ എന്നിവർ പറഞ്ഞു. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികളും ബജറ്റിൽ കാണുന്നില്ലെന്നും അവർ വിമർശിച്ചു.
സംസ്ഥാന സർക്കാർ കട്ടപ്പനയെ ടൂറിസം ഹബ്ബാക്കാൻ കല്യാണത്തണ്ട്, അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കല്യാണത്തണ്ട് ടൂറിസത്തിനായി നഗരസഭ 10 ലക്ഷം രൂപ പ്രഖ്യാപിച്ചതായും അറിയിച്ചു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ നഗരസഭക്ക് കഴിയാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാണെന്നും എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.
മുൻ വർഷങ്ങളിലെ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്ന ബജറ്റാണിതെന്നും യുവ സംരംഭകരെ ആകർഷിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും എൽഡിഎഫ് ആരോപിച്ചു.





