പാചകവാതക ക്ഷാമം ; കട്ടപ്പനയിൽ തട്ടുകടകളും ഹോട്ടലുകളും പൂട്ടി.അന്യ സംസ്ഥാന തൊഴിലാളികളും നാടുകളിലേക്ക് മടങ്ങുന്നു.

ഗ്യാസ് സിലിണ്ടറുകൾക്കായി ഏജൻസികളുടെ മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിര

പാചകവാതക ക്ഷാമം ; കട്ടപ്പനയിൽ തട്ടുകടകളും ഹോട്ടലുകളും പൂട്ടി.അന്യ സംസ്ഥാന തൊഴിലാളികളും നാടുകളിലേക്ക് മടങ്ങുന്നു.

കട്ടപ്പന: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹൈറേഞ്ച് മേഖലയിലെ ഭക്ഷണശാലകൾ വലിയ പ്രതിസന്ധിയിലായി. പ്രത്യേകിച്ച് തട്ടുകടകളാണ് ഏറ്റവും കൂടുതൽ ബാധിതരായത്. കട്ടപ്പന നഗരത്തിലെ ഏകദേശം 10 തട്ടുകടകളിൽ പകുതിയോളം നിലവിൽ പ്രവർത്തനം നിർത്തിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

ചെറിയ വരുമാനത്തിൽ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾ തട്ടുകടകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നതിനാൽ ഈ അടച്ചുപൂട്ടൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇടുക്കിക്കവല, സെൻട്രൽ ജങ്ഷൻ തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ രാത്രി സജീവമായിരുന്ന തട്ടുകടകൾ ഇല്ലാതായതോടെ രാത്രി 9ഓടെ തന്നെ നഗരം ശൂന്യമാകുന്ന അവസ്ഥയാണ്. തട്ടുകടകളിൽ നിന്നുമാത്രം ഭക്ഷണം കഴിച്ചിരുന്ന നിരവധി ആളുകളും പ്രതിസന്ധിയിലായി.

പാചകവാതക ക്ഷാമം മൂലം കട്ടപ്പന മുനിസിപ്പാലിറ്റിയിൽ നാല് ഭക്ഷണശാലകൾ പൂട്ടിയിരിക്കുകയാണ്. മറ്റു ഹോട്ടലുകൾ ഉച്ചഭക്ഷണം ഉൾപ്പെടെ പല വിഭവങ്ങളും ഒഴിവാക്കി പരിമിതമായ രീതിയിൽ പ്രവർത്തനം തുടരുകയാണ്. ദിവസേന മൂന്ന് സിലിണ്ടർ വരെ ഉപയോഗിച്ചിരുന്ന ഹോട്ടലുകൾ ഇപ്പോൾ അത് ഒന്നര സിലിണ്ടറായി ചുരുക്കിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധി തുടർന്നാൽ പൂർണ്ണമായ അടച്ചുപൂട്ടലിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് ഉടമകളുടെ മുന്നറിയിപ്പ്. ഇതോടെ തൊഴിലാളികൾക്കും തൊഴിൽ നഷ്ടമാകുകയും ടൂറിസം മേഖലയിലും തിരിച്ചടി ഉണ്ടാകുകയും ചെയ്യുന്നു.

ഏജൻസികളിൽ നീണ്ട നിര

ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാതായതോടെ ഏജൻസികളുടെ മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. കട്ടപ്പനയിൽ തിങ്കളാഴ്ച വൈകിട്ട് 6വരെ 1600 പേർ ഗ്യാസ് ബുക്ക് ചെയ്തെങ്കിലും ലഭിച്ചത് വെറും 450 സിലിണ്ടറുകൾ മാത്രമാണ്. ഇവ മൂന്ന് ഗോഡൗണുകളിലേക്ക് വിഭജിച്ചുനൽകി. സിലിണ്ടറുകൾ വീട്ടിലെത്താത്തതിനാൽ ഉപഭോക്താക്കൾ നേരിട്ട് ഏജൻസികളിൽ എത്തി. വെള്ളയാംകുടിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ നീണ്ട ക്യൂ രൂപപ്പെട്ടതോടെ പൊലീസ് എത്തി നിയന്ത്രണം ഏർപ്പെടുത്തി. ബുക്കിങ് ലഭിച്ചവരിൽ ഭൂരിഭാഗവും നിരാശരായി മടങ്ങേണ്ടിവന്നു.