എംപിമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ്.രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണ്ണയത്തിൽ എംപിമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന കർശന നിലപാട് . കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖര്‍ഗെ നേതൃത്വം നൽകിയ മാരത്തോൺ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം.
ഈ നിലപാടിനെ തുടർന്ന് കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ മത്സരിക്കാൻ അവസരം ലഭിക്കില്ല. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കരുതെന്ന ഹൈക്കമാൻഡ് നിർദേശത്തോടെ സുധാകരന്റെ സമ്മർദ്ദ തന്ത്രം ഫലിച്ചില്ലെന്നാണ് വിലയിരുത്തൽ.
പെരുമ്പാവൂർ ഉൾപ്പെടെ ആറ് തർക്കസീറ്റുകളിലെ സ്ഥാനാർത്ഥി തീരുമാനങ്ങൾ ഹൈക്കമാൻഡിന് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് ലഭിക്കാത്തവരുടെ അസന്തോഷം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
തർക്കസീറ്റുകളിലെ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.






