തോട്ടം തൊഴിലാളി വിരുദ്ധ കരാർ റദ്ദാക്കണം; 26ന് പണിമുടക്ക് പ്രഖ്യാപനം

തോട്ടം തൊഴിലാളി വിരുദ്ധ കരാർ റദ്ദാക്കണം; 26ന് പണിമുടക്ക് പ്രഖ്യാപനം

കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ഹിതങ്ങൾക്ക് വിരുദ്ധമായി പി.എൽ.സി വഴി ഉണ്ടാക്കിയ തൊഴിലാളി വിരുദ്ധ കരാർ ഉടൻ റദ്ദാക്കണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ആവശ്യപ്പെട്ടു. അണക്കരയിൽ നടന്ന എസ്റ്റേറ്റ് മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തോട്ടം തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുന്നതിൽ ഇടത്-വലത് യൂണിയനുകൾ തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണെന്ന് സിബി വർഗീസ് ആരോപിച്ചു. കഴിഞ്ഞ 12 വർഷമായി നാമമാത്രമായ വർധനവുകൾ മാത്രമാണ് തൊഴിലാളികൾക്ക് ലഭിച്ചതെന്നും, യൂണിയനുകൾ മുന്നോട്ടുവച്ച 26 ഇന ആവശ്യങ്ങളിൽ ഒന്നും പോലും നടപ്പാക്കാത്ത സർക്കാർ തൊഴിലാളികളെ നിരാശരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ പ്രതിഷേധമായി ഈ മാസം 26ന് സംസ്ഥാനത്തുടനീളം തോട്ടം തൊഴിലാളികൾ പണിമുടക്ക് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് എൻ.ബി. ശശിധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. വിജയൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി. സിനീഷ് കുമാർ, ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ, കെ.കെ. സനു, പി. ഭുവനേന്ദ്രൻ, എസ്.കെ. കറുപ്പുസ്വാമി, പി.ടി. ബാബു എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് അണക്കര ടൗണിൽ പ്രവർത്തകർ അണിനിരന്ന പ്രകടനവും നടന്നു.

പുതിയ ഭാരവാഹികളായി എൻ.ബി. ശശിധരൻ (പ്രസിഡന്റ്), കെ.സി. സിനീഷ് കുമാർ (ജനറൽ സെക്രട്ടറി), കെ.കെ. സാനു (ട്രഷറർ), അജിത ഷൈൻ (ജോയിന്റ് സെക്രട്ടറി), പി. ഭുവനേന്ദ്രൻ, കെ.പി. പാൽരാജ്, എസ്.കെ. കറുപ്പുസ്വാമി, ഷിജി ഓമനക്കുട്ടൻ, പി.ടി. ബാബു, എം.ആർ. ഷാനൻ എന്നിവരെ തിരഞ്ഞെടുത്തു.