പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും : നാളെ സൂക്ഷ്മപരിശോധന
നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസമായ ഇന്ന് മത്സരരംഗത്തുള്ള മുഴുവൻ സ്ഥാനാർത്ഥികളുടെയും ചിത്രം വ്യക്തമാകും. നാളെ (ചൊവ്വാഴ്ച) പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. വ്യാഴാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. ഇതോടെ എത്ര സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാകുമെന്ന് വ്യക്തതയാകും.
ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളിലായി ഇതുവരെ എട്ട് സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ഇവരിൽ അഞ്ച് പേർ എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ്. ഇതിൽ ദേവികുളം മണ്ഡലത്തിലെ ആർ. ഈശ്വരൻ ഡമ്മി സ്ഥാനാർത്ഥിയുമാണ്. കൂടാതെ രണ്ട് ബി.എസ്.പി സ്ഥാനാർത്ഥികളും ഒരു എൻ.ഡി.എ സ്ഥാനാർത്ഥിയും പത്രിക സമർപ്പിച്ചിട്ടുണ്ട്.
മണ്ഡലംവാരി കണക്ക് പ്രകാരം ഇടുക്കി മണ്ഡലത്തിൽ രണ്ട് പേർ, ദേവികുളം മണ്ഡലത്തിൽ മൂന്ന് പേർ, ഉടുമ്പൻചോല മണ്ഡലത്തിൽ രണ്ട് പേർ, പീരുമേട് മണ്ഡലത്തിൽ ഒരാൾ എന്നിങ്ങനെയാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. തൊടുപുഴ മണ്ഡലത്തിൽ നിന്ന് ഇതുവരെ ആരും നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടില്ല.
മുന്നണികൾ സജ്ജം
തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ആഴ്ചകൾ മാത്രം ശേഷിക്കെ ജില്ലയിൽ രാഷ്ട്രീയ മുന്നണികൾ മുഴുവൻ സജ്ജമായി. സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രംഗത്തെത്തിയത് എൽ.ഡി.എഫ് ആണ്. പിന്നാലെ എൻ.ഡി.എയും യു.ഡി.എഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രംഗം സജീവമാക്കി.
അഞ്ച് നിയോജക മണ്ഡലങ്ങളിലുമായി പ്രധാന പോരാട്ടം ഇടത്-വലത് മുന്നണികൾ തമ്മിലായിരിക്കുമെന്നാണു സൂചന. അതേസമയം എൻ.ഡി.എയും ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകളിലാണ് മുന്നണികൾ മുഴുവൻ.





