കേരള നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ചരിത്രത്തിലെ പ്രധാന കണക്കുകൾ
ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 1960 ൽ
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആ വർഷം 85.72 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
1960-ലെ തിരഞ്ഞെടുപ്പിൽ 126 മണ്ഡലങ്ങളിലേക്ക് 312 സ്ഥാനാർഥികൾ മത്സരിച്ചു. ആകെ 96,04,331 വോട്ടർമാരിൽ 82,32,572 പേർ വോട്ട് ചെയ്തു.
80 ശതമാനത്തിൽ കൂടുതൽ പോളിംഗ് പിന്നീട് ഒരിക്കൽ മാത്രമാണ് രേഖപ്പെടുത്തിയത്. 1987-ലെ തിരഞ്ഞെടുപ്പിൽ 80.54 ശതമാനമായിരുന്നു പോളിംഗ്. 140 മണ്ഡലങ്ങളിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പിൽ 1,254 സ്ഥാനാർഥികളാണ് മത്സരിച്ചത്. ആ വർഷം 1,59,50,019 വോട്ടർമാരിൽ 1,28,46,689 പേർ വോട്ട് രേഖപ്പെടുത്തി.
സ്ഥാനാർഥികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിച്ചതും 1987-ലായിരുന്നു.
അതേസമയം, ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് 1957-ലെ തിരഞ്ഞെടുപ്പിലാണ്. 126 മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 89,13,247 വോട്ടർമാരിൽ 58,37,577 പേർ മാത്രമാണ് വോട്ട് ചെയ്തത്. 65.49 ശതമാനമായിരുന്നു പോളിംഗ്.
1957 മുതൽ നടന്ന തിരഞ്ഞെടുപ്പുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 70 ശതമാനത്തിൽ താഴെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരിക്കൽ മാത്രമാണ്. കൂടുതലായും 75 മുതൽ 80 ശതമാനം വരെയുള്ള പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്താറുള്ളത്. 80 ശതമാനത്തിനും അതിലുപരിയും പോളിംഗ് നടന്നത് രണ്ട് തവണ മാത്രമാണ്.
ഏറ്റവും ഒടുവിൽ 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2,75,03,768 വോട്ടർമാരിൽ 2,09,03,230 പേർ വോട്ട് രേഖപ്പെടുത്തി. ആ തിരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.






