തെരഞ്ഞെടുപ്പ് : അന്യസംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് ഹൈറേഞ്ചില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു
ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ തോട്ടം, നിര്‍മാണം, ഹോട്ടല്‍ മേഖലകളില്‍ തൊഴിലാളികളുടെ ക്ഷാമം ഗുരുതരമായി തുടരുന്നു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതാണ് പ്രതിസന്ധി ശക്തമാകാന്‍ കാരണമായത്.
കേരളത്തിലും അസമിലും ഒരേസമയത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വോട്ടര്‍പട്ടിക പരിഷ്‌കരണവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും മുന്നോടിയായി ബംഗാള്‍ സ്വദേശികളില്‍ ഭൂരിഭാഗവും നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചുവരുന്ന പലര്‍ക്കും ഇവിടെ മേല്‍വിലാസത്തില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നാലും, വോട്ട് സ്വദേശത്തുതന്നെയാണ് രേഖപ്പെടുത്തുന്നത്.
ഹൈറേഞ്ചിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. നിര്‍മാണ മേഖലയിലാണ് ബംഗാള്‍, അസം സ്വദേശികള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. തോട്ടം മേഖലയില്‍ ഝാര്‍ഖണ്ഡ്, ബീഹാര്‍ സ്വദേശികളാണ് പ്രധാനമായി ജോലി ചെയ്യുന്നത്. ജോലി സ്ഥലത്ത് തന്നെ താമസിച്ച് കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കുന്നതിനാല്‍ ഇവര്‍ തൊഴിലുടമകള്‍ക്ക് ഏറെ ആശ്രയമാണ്.
ഇതിനൊപ്പം, അന്യസംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വിവാഹസീസണും ശക്തമാണ്. ഒരാഴ്ചവരെ നീളുന്ന പരമ്പരാഗത വിവാഹചടങ്ങുകള്‍ ഉള്ളതിനാല്‍ ബന്ധുക്കളില്‍ വിവാഹമുണ്ടെങ്കില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നതും പതിവാണ്.
കട്ടപ്പന മേഖലയില്‍നിന്ന് മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളോടെ മാത്രമേ ഇവര്‍ തിരിച്ചെത്താറുള്ളൂ. ഇതിനിടെ ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേതനം വര്‍ധിച്ചതും ചില തൊഴിലാളികള്‍ മടങ്ങിവരാത്ത സാഹചര്യം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
തൊഴിലാളികളുടെ കുറവ് കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും തോട്ടങ്ങളില്‍ ഉല്‍പാദനത്തെ ബാധിക്കുകയും ഹോട്ടല്‍ മേഖലയിലും സേവനക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.






