നിയമസഭാ തിരഞ്ഞെടുപ്പ് ; പ്രചാരണ രംഗത്ത് വീറും വാശിയും കനക്കുന്നു
മുന്നണികൾക്കായി കേന്ദ്ര സംസ്ഥാന നേതാക്കൾ ഇന്നും ഇടുക്കിയിൽ.
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ രാഷ്ട്രീയരംഗം ആവേശഭരിതമാകുന്നു. പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പരമാവധി വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. അവസാനഘട്ടത്തില്‍ സംസ്ഥാന-ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെ രംഗത്തിറക്കി പ്രചാരണം ശക്തിപ്പെടുത്തുകയാണ് മുന്നണികള്‍. ആരോപണ-പ്രത്യാരോപണങ്ങള്‍ക്കൊപ്പം സ്റ്റാര്‍ ക്യാമ്പെയിനര്‍മാരെ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്.
വി.ഡി. സതീശന്‍ ഇന്നെത്തും
യു.ഡി.എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്ന് മുട്ടത്ത് നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും. മുന്‍പും നിരവധി തവണ ജില്ലയിലെത്തിയിട്ടുള്ള സതീശന്‍, ഇത്തവണ ഘടകകക്ഷി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായാണ് എത്തുന്നത് എന്നതാണ് പ്രത്യേകത. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പീരുമേട്ടില്‍ പ്രചാരണത്തിനായി എത്തിയിരുന്നു. അതിന് മുന്‍പ് ശനിയാഴ്ച രാഹുല്‍ ഗാന്ധി കട്ടപ്പനയില്‍ എത്തിയതും പ്രചാരണത്തിന് ഉണര്‍വ് പകര്‍ന്നു. ശശി തരൂര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ സജീവമായിരുന്നു.
മറിയം ധാവ്ളെ ഇന്ന് ജില്ലയില്‍
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെ ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ 11ന് വണ്ണപ്പുറം ടൗണിലും, വൈകിട്ട് 4ന് മുരിക്കാശേരിയിലും 5ന് തൂക്കുപാലത്തും നടക്കുന്ന യോഗങ്ങളില്‍ അവര്‍ സംസാരിക്കും. കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം ബിജു കൃഷ്ണന്‍ ജില്ലയില്‍ എത്തിയിരുന്നു. അതിന് മുമ്പ് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരും പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഇന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം എല്‍.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റി അഞ്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യൂത്ത് അസംബ്ലിയും ഡി.ജെ റോഡ് ഷോകളും സംഘടിപ്പിക്കും.
തുഷാര്‍ വെള്ളാപ്പള്ളി കട്ടപ്പനയില്‍
ഇടുക്കി നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭയുടെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഇന്ന് വൈകിട്ട് കട്ടപ്പനയില്‍ നടക്കും. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ദേവികുളം നിയോജകമണ്ഡലം സ്ഥാനാര്‍ഥി എസ്. രാജേന്ദ്രന്റെ പ്രചാരണത്തിനായി ബി.ജെ.പി തമിഴ്നാട് മുന്‍ അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ എത്തിയിരുന്നു. അതിന് മുമ്പുള്ള ദിവസങ്ങളില്‍ ഘടകകക്ഷി നേതാവ് സാബു എം. ജേക്കബ് ഉള്‍പ്പെടെയുള്ള നേതാക്കളും ജില്ലയില്‍ പ്രചാരണത്തിനായി എത്തിയിരുന്നു. ബി.ജെ.പി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ്.





