തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് വോട്ടവകാശം ഉറപ്പാക്കണം: എൻ.ജി.ഒ അസോസിയേഷൻ
നിയമസഭ തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സമയം നീട്ടി നൽകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള മണ്ഡലങ്ങളിൽ പ്രത്യേകം ഒരുക്കിയ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തി വോട്ട് ചെയ്യണമെന്ന ഉത്തരവ് പ്രായോഗികമല്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ആദ്യഘട്ട ഇലക്ഷൻ ട്രെയിനിംഗിൽ പങ്കെടുത്ത നിരവധി ജീവനക്കാർ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിയപ്പോഴും പോസ്റ്റൽ ബാലറ്റുകൾ ലഭ്യമല്ലെന്ന മറുപടിയാണ് അധികൃതർ നൽകിയത്.
പുതുക്കിയ ഉത്തരവനുസരിച്ച് ഏപ്രിൽ 6, 7 തീയതികളിൽ നടക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും, ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയ ജീവനക്കാർക്ക് ബാലറ്റ് പേപ്പറുകൾ ലഭിക്കാതിരുന്നതുകൊണ്ട് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല.
ഏപ്രിൽ 8ന് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ടെങ്കിലും, സാമഗ്രികൾ ഏറ്റുവാങ്ങി ബൂത്തുകളിലേക്ക് പോകേണ്ട തിരക്കിൽ ജീവനക്കാർക്ക് മതിയായ സമയം ലഭിക്കില്ലെന്നാണ് ആശങ്ക.
അവസാനഘട്ടത്തിൽ ഡ്യൂട്ടി ലഭിച്ച ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ, പലർക്കും അപേക്ഷ സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
വോട്ടെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനായി ഒരു മാസം വരെ സമയം ഉള്ളതിനാൽ, പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സമയപരിധി നീട്ടി ജീവനക്കാർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിഹാബ് പരിത്, സെക്രട്ടറി സി. എസ്. ഷെമീർ എന്നിവർ ആവശ്യപ്പെട്ടു.





